പത്താമത് ലിവ അജ്മാൻ ഈന്തപ്പഴ, തേൻ ഉത്സവം ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Ammar bin Humaid opens 'Liwa Ajman Dates & Honey Festival 2025'#WamNews https://t.co/V9bw9tVg5M pic.twitter.com/VoURt7wnvF
— WAM English (@WAMNEWS_ENG) July 30, 2025
അജ്മാൻ കിരീടാവകാശിയും അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് ലിവ അജ്മാൻ ഡേറ്റ്സ് ആൻഡ് ഹണി ഫെസ്റ്റിവൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

അജ്മാനിലെ എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററിലാണ് ഈ മേള സംഘടിപ്പിച്ചിരിക്കുന്നത്. 2025 ജൂലൈ 30-ന് ആരംഭിച്ച ഇത്തവണത്തെ ലിവ അജ്മാൻ ഈന്തപ്പഴ, തേൻ ഉത്സവം ഓഗസ്റ്റ് 3 വരെ നീണ്ട് നിൽക്കും.
ഭാവിതലമുറയ്ക്കായി രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലും സമ്പന്നമാക്കുന്നതിലും അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ദർശനപരമായ അഭിലാഷങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ മേളയെന്ന് ഉദ്ഘാടന വേളയിൽ അജ്മാൻ കിരീടാവകാശി പറഞ്ഞു. അജ്മാൻ ഡിപ്പാർട്മെന്റ് ഓഫ് ടൂറിസം ഡവലപ്മെന്റാണ് ഈ മേള സംഘടിപ്പിക്കുന്നത്.

ഔദ്യോഗിക ഉദ്ഘാടന വേളയിൽ, ഷെയ്ഖ് അമ്മാർ മേളയിലെ വിവിധ വിഭാഗങ്ങളിലും പ്രദർശനങ്ങളിലും പര്യടനം നടത്തി. അദ്ദേഹം കർഷകരുമായും തേൻ ഉത്പാദകരുമായും സംവദിക്കുകയും അവരുടെ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച നേടുകയും ചെയ്തു.

ഇത്തവണത്തെ മേളയിൽ, ഈന്തപ്പന ഉടമകൾ, കർഷകർ, തേനീച്ച വളർത്തുന്നവർ, ഉൽപ്പാദനക്ഷമതയുള്ള കുടുംബങ്ങൾ, വിവിധ ഔദ്യോഗിക അധികാരികൾ എന്നിവരുൾപ്പെടെ 61 പ്രദർശകരാണ് പങ്കെടുക്കുന്നത്.
മേഖലയിലെ പ്രധാനപ്പെട്ട സാംസ്കാരിക, കാർഷിക മേളകളിലൊന്നാണ് ലിവ അജ്മാൻ ഈന്തപ്പഴ, തേൻ ഉത്സവം. പരമ്പരാഗത എമിറാത്തി സമ്പ്രദായങ്ങൾ, പാരമ്പര്യം എന്നിവ ഈ മേള എടുത്ത് കാട്ടുന്നു.
WAM

