സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രൊമോഷണൽ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന വ്യക്തികൾക്കായുള്ള ഒരു പ്രത്യേക പെർമിറ്റ് ആരംഭിക്കുന്നതായി യുഎഇ മീഡിയ കൗൺസിൽ പ്രഖ്യാപിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരം പ്രചാരണ സംബന്ധിയായ ഉള്ളടക്കങ്ങൾ അവയ്ക്ക് പണം സ്വീകരിച്ചോ, അല്ലാതെയോ സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന വ്യക്തികൾക്ക് ഈ പെർമിറ്റ് ഒരു പോലെ ബാധകമാകുന്നതാണ്. മാധ്യമ വ്യവസായ മേഖലയിൽ വഴക്കമുള്ള ഒരു നിയന്ത്രണ അന്തരീക്ഷം സൃഷ്ടിക്കുന്നത് ലക്ഷ്യമിടുന്ന ഒരു ഏകീകൃത സംവിധാനത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഉള്ളടക്ക ഗുണനിലവാരം ഉറപ്പ് വരുത്തുക, മാധ്യമ വ്യവസായ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുക, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ ആകർഷിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരസ്യ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള വ്യക്തമായ സംവിധാനങ്ങൾ അവതരിപ്പിക്കുന്നതിലൂടെയും, സുതാര്യതയും പ്രൊഫഷണലിസവും ശക്തിപ്പെടുത്തുന്നതിലൂടെയും, പരസ്യ ഉള്ളടക്ക ഉൽപ്പാദനത്തിനുള്ള ഒരു മുൻനിര കേന്ദ്രമെന്ന നിലയിൽ യു എ ഇയുടെ സ്ഥാനം ഉറപ്പിക്കുന്നതിലൂടെയും ഈ തീരുമാനം സമൂഹത്തിന്റെയും ഉള്ളടക്ക സ്രഷ്ടാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നു.
ഈ പെർമിറ്റ് മൂന്ന് മാസത്തിനുള്ളിൽ പെർമിറ്റ് പ്രാബല്യത്തിൽ വരുന്നതാണ്. ഉള്ളടക്ക സ്രഷ്ടാക്കൾക്ക് അവരുടെ സ്റ്റാറ്റസ് ക്രമീകരിക്കാനും പുതിയ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ അംഗീകാരങ്ങൾ നേടാനും ഇത് മതിയായ സമയം നൽകുന്നു.
ഡിജിറ്റൽ പരസ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികൾക്കും ഈ പെർമിറ്റ് നിർബന്ധമായിരിക്കും. ആദ്യത്തെ മൂന്ന് വർഷത്തേക്ക് ഈ പെർമിറ്റ് സൗജന്യമായി നൽകുമെന്നും നിലവിലുള്ള സാധുവായ പെർമിറ്റുകൾ കാലഹരണപ്പെടുന്നതുവരെ പ്രാബല്യത്തിൽ തുടരുമെന്നും പുതുക്കൽ അപേക്ഷകൾ അതിനു ശേഷം ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
WAM

