സൽഭരണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ധാരണാപത്രത്തിൽ യു എ ഇയും ഒമാനും ഒപ്പ് വെച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യു എ ഇ അക്കൗണ്ടബിലിറ്റി അതോറിറ്റി (UAEAA) ഒമാൻ സ്റ്റേറ്റ് ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ് അതോറിറ്റി എന്നിവരാണ് ഈ ധാരണാപത്രത്തിൽ ഒപ്പ് വെച്ചിരിക്കുന്നത്. സൽഭരണം ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുക, മേൽനോട്ട മേഖലകളിൽ സംയുക്ത സഹകരണം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ഈ ധാരണാപത്രത്തിന്റെ ലക്ഷ്യങ്ങൾ.
UAEAA പ്രസിഡണ്ട് ഹുമൈദ് ഉബൈദ് അബുഷിബ്സ്, ഒമാൻ സ്റ്റേറ്റ് ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ് അതോറിറ്റി ചെയർമാൻ ഷെയ്ഖ് ഖോസൻ ഹിലാൽ അൽ അലവി എന്നിവർ തമ്മിൽ നടന്ന ചർച്ചകളുടെ ഭാഗമായാണ് ഈ ധാരണാപത്രത്തിൽ ഒപ്പ് വെച്ചിരിക്കുന്നത്.
പൊതു സമ്പത്ത് സംരക്ഷിക്കുക, സുസ്ഥിര വികസനത്തിന് പിന്തുണ നൽകുക എന്നീ മേഖലകളിൽ സുതാര്യത, സമഗ്രത, ഉത്തരവാദിത്വം തുടങ്ങിയ മൂല്യങ്ങൾ ഊട്ടിഉറപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും നൽകുന്ന പ്രാധാന്യത്തിന് ഈ ധാരണാപത്രം അടിവരയിടുന്നു.
WAM

