ഒമാൻ: ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട പുതിയ നിയമം; പ്രധാന അവകാശങ്ങൾ മനസ്സിലാക്കാം

featured GCC News

രാജ്യത്തെ ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിയമ പ്രകാരം തൊഴിലാളികൾക്ക് ലഭിക്കുന്ന അവകാശങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി. 2025 ഒക്ടോബർ 12-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ, തൊഴിലുടമകൾ പാലിക്കേണ്ടതായ കർശനമായ കടമകൾ തുടങ്ങിയവ ഈ നിയമം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ഗാർഹിക ജീവനക്കാർക്ക് സുരക്ഷിതവും, മാന്യതയുള്ളതുമായ തൊഴിൽ അന്തരീക്ഷം ഉറപ്പ് വരുത്തുന്നതിനായാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഈ നിയമം പുറത്തിറക്കിയിരിക്കുന്നത്.

ഈ നിയമം ഒമാനിലെ ഗാർഹിക ജീവനക്കാർക്ക് താഴെ പറയുന്ന അവകാശങ്ങൾ ഉറപ്പ് വരുത്തുന്നുണ്ട്:

  • ജീവനക്കാർക്ക് പ്രതിദിനം പരമാവധി 12 മണിക്കൂർ വരെ തൊഴിലെടുക്കാവുന്നതാണ്.
  • വിശ്രമസമയം, ഭക്ഷണം കഴിക്കുന്ന സമയം എന്നിവ തൊഴിൽസമയമായി കണക്കാക്കുന്നതല്ല.
  • പ്രതിദിനം പരമാവധി 2 മണിക്കൂറാണ് ഓവർടൈം എടുക്കുന്നതിന് അനുമതി (ഓവർടൈം സംബന്ധിച്ച് തൊഴിൽകരാറിൽ രേഖപ്പെടുത്തിയിരിക്കണം). ഇത്തരത്തിൽ എടുക്കുന്ന ഓവർടൈം ദിനംപ്രതിയുള്ള വേതനത്തോടൊപ്പം കൂട്ടിച്ചേർക്കുന്നതാണ്.
  • ആഴ്ചയിൽ ഒരു ദിവസത്തെ ശമ്പളത്തോടുള്ള അവധിയ്ക്ക് തൊഴിലാളികൾക്ക് അർഹതയുണ്ടായിരിക്കും.
  • അവധിദിനത്തിൽ തൊഴിലാളിയുടെ സമ്മതത്തോടെ (എഴുതിയ രേഖ ഉണ്ടായിരിക്കണം) ആവശ്യമെങ്കിൽ തൊഴിലെടുപ്പിക്കാവുന്നതാണ്. ഇതിന് പകരമായി മറ്റൊരു ദിവസം അവധിയോ അല്ലെങ്കിൽ ഇരട്ടി വേതനമോ നൽകേണ്ടതാണ്.
  • ഗാർഹികജീവനക്കാർക്ക് വർഷത്തിൽ 30 ദിവസം വരെ ശമ്പളത്തോട് കൂടിയുള്ള അസുഖ അവധി അനുവദിച്ചിട്ടുണ്ട്. ഇതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
  • അസുഖ അവധിയിലുള്ള ഒരു ജീവനക്കാരനോട് തൊഴിലെടുക്കാൻ ആവശ്യപ്പെടുന്നതിന് തൊഴിലുടമയ്ക്ക് അവകാശമില്ല.
  • ഗാർഹികജീവനക്കാർക്ക് വർഷത്തിൽ ചുരുങ്ങിയത് 21 ദിവസം ശമ്പളത്തോട് കൂടിയുള്ള വാർഷിക അവധി അനുവദിച്ചിട്ടുണ്ട്.
  • ഇത്തരം അവധികൾ ജീവനക്കാരനും, തൊഴിലുടമയ്ക്കും പരസ്പര സമ്മതത്തോടെ തവണയായി എടുക്കുന്നതിന് അനുവാദമുണ്ടായിരിക്കും.
  • തൊഴിലിൽ നിന്ന് പിരിഞ്ഞ് പോകുന്ന ഗാർഹികജീവനക്കാർക്ക് ഉപയോഗിക്കാത്ത അവധിദിനങ്ങൾക്ക് പകരമായി പ്രതിഫലം ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കും.
  • ഗാർഹിക ജീവനക്കാരുടെ വേതനം (ഒമാനി റിയാൽ അല്ലെങ്കിൽ കരാർ പ്രകാരമുള്ള കറൻസിയിൽ) ശമ്പള തീയതിയ്ക്ക് ഏഴ് ദിവസത്തിനുള്ളിൽ നൽകേണ്ടതാണ്.
  • വേതനം നൽകുന്നതിന്റെ രേഖയായി ബാങ്ക് ട്രാൻസ്ഫർ രേഖ അല്ലെങ്കിൽ ഒപ്പിട്ട രസീത് ഉപയോഗിക്കാവുന്നതാണ്.
  • ഗാർഹിക ജീവനക്കാരന്റെ അശ്രദ്ധ മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ, കോടതി ഉത്തരവ് പ്രകാരമുള്ള പിഴ, ലോൺ തിരിച്ചടവ് (മുൻ‌കൂർ എഴുതിയ കരാർ ഉണ്ടായിരിക്കണം) എന്നീ സാഹചര്യങ്ങളിൽ മാത്രമാണ് ജീവനക്കാരന്റെ വേതനത്തിൽ നിന്ന് പണം പിടിക്കുന്നതിന് തൊഴിലുടമയ്ക്ക് അവകാശമുള്ളത്. ഇത്തരത്തിൽ പിടിക്കുന്ന തുക ആകെ ശമ്പളത്തിന്റെ 25 ശതമാനത്തിലധികമായിരിക്കരുത്.