അബുദാബി: ആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്നതിനായി ജൈവവൈവിധ്യ നയം നടപ്പിലാക്കുന്നു

featured UAE

എമിറേറ്റിലെ ആവാസവ്യവസ്ഥകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ഒരു ജൈവവൈവിധ്യ നയം നടപ്പിലാക്കുന്നു. 2025 ഒക്ടോബർ 14-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ജൈവവൈവിധ്യ നയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം സംബന്ധിച്ച് അബുദാബി എൻവിറോണ്മെന്റ് ഏജൻസി ചെയർമാൻ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ‘6/ 2025’ എന്ന ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

എമിറേറ്റിലെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും, ആവാസവ്യവസ്ഥകളുടെ സുസ്ഥിരത നിലനിർത്തുന്നതിനും അബുദാബി മുന്നോട്ട് വെക്കുന്ന പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് ഈ തീരുമാനം.

അബുദാബിയിൽ നടന്ന് വരുന്ന ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) വേൾഡ് കൺസേർവഷൻ കോൺഗ്രസിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. പരിസ്ഥിതി സംരക്ഷണത്തിനായി ആഗോളതലത്തിൽ അബുദാബി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.

ഈ നയമനുസരിച്ചുള്ള തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന്റെ ചുമതല EAD-യ്ക്കായിരിക്കും. മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചായിരിക്കും EAD ഇത് നടപ്പിലാക്കുക.

ആവാസവ്യവസ്ഥയുടെ നഷ്ടം, കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരമല്ലാത്ത ഉപയോഗം, മറ്റു സാമൂഹിക സാമ്പത്തിക ഘടകങ്ങൾ തുടങ്ങിയ നിലവിലുള്ള ജൈവവൈവിധ്യ വെല്ലുവിളികളെ ഈ പുതിയ നയം പരിഗണിക്കുന്നുണ്ട്. സമുദ്ര, തീരദേശ, ഭൗമ ആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്നതിനുള്ള മാർഗ്ഗങ്ങളും ഈ നയത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

ആവാസവ്യവസ്ഥകളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിനും, പുനഃസ്ഥാപനത്തിനുമായി അത്യാധുനിക സാങ്കേതികവിദ്യകൾ ഉറപ്പാക്കുന്നതിനും, വിവിധ മേഖലകളെ സംയോജിപ്പിക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ഈ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.