യു എ ഇ: ദുബായ് ഫിറ്റ്നസ് ചലഞ്ച് നവംബർ 1-ന് ആരംഭിക്കും

featured GCC News

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഒമ്പതാമത് പതിപ്പ് 2025 നവംബർ 1-ന് ആരംഭിക്കും. “ഫൈൻഡ് യുവർ ചാലഞ്ച്” എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിക്കുന്നത്.

2025 നവംബർ 1-ന് ആരംഭിക്കുന്ന ഇത്തവണത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് നവംബർ 30 വരെ നീണ്ട് നിൽക്കും. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദുബായ് നഗരത്തിന്റെ വിവിധ ഇടങ്ങളിലായി വ്യത്യസ്ത ഫിറ്റ്നസ് പരിപാടികൾ അരങ്ങേറുന്നതാണ്.

ഇത്തവണത്തെ ദുബായ് ഫിറ്റനസ് ചാലഞ്ചിലെ പ്രധാന പരിപാടികൾ:

  • ദുബായ് റൈഡ് – 2025 നവംബർ 2-ന്.
  • ദുബായ് സ്റ്റാൻഡ് അപ്പ് പാഡിൽ – 2025 നവംബർ 8, 9 തീയതികളിൽ.
  • ദുബായ് റൺ – നവംബർ 23-ന്.
  • ദുബായ് യോഗ – നവംബർ 30-ന്

ജീവിതക്രമത്തിൽ കായിക വിനോദങ്ങളുടെയും, വ്യായാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ദുബായ് ഫിറ്റ്നസ് ചലഞ്ച് സമൂഹത്തിൽ അവബോധം വളർത്തുന്നു. ഒരു മാസത്തെ കാലയളവിൽ ദിനവും 30 മിനിറ്റ് വീതം വിവിധ കായിക വിനോദങ്ങളിലും, ഫിറ്റ്നസ് പ്രവർത്തങ്ങളിലും ഏർപ്പെടാൻ ദുബായ് ഫിറ്റ്നസ് ചലഞ്ച് ആഹ്വാനം ചെയ്യുന്നു.

ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ 2017-ലാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് എന്ന പേരിലുള്ള ഈ പരിപാടിയ്ക്ക് തുടക്കമിട്ടത്.