തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി

featured GCC News

വ്യാജ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി. 2025 ഒക്ടോബർ 30-നാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ബാങ്കിൽ തൊഴിലവസരങ്ങൾ ഉണ്ടെന്ന രീതിയിൽ വാട്സാപ്പിലൂടെ പ്രചരിക്കുന്ന ഇത്തരം വ്യാജ പരസ്യങ്ങൾ തട്ടിപ്പ് ലക്ഷ്യമിട്ടുള്ളവയാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം പരസ്യങ്ങൾ അടിസ്ഥാനമില്ലാത്തവയാണെന്നും ഇവയ്ക്ക് ബാങ്കുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഒമാനിൽ പ്രവർത്തിക്കുന്ന അംഗീകൃത ബാങ്കിങ് സ്ഥാപനങ്ങൾ വാട്സാപ്പിലൂടെ തൊഴിലവസരങ്ങൾ സംബന്ധിച്ച പരസ്യങ്ങൾ നൽകാറില്ലെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തമാക്കി. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തുന്നതിനോ, പണമിടപാടുകൾ നടത്തുന്നതിനോ വ്യക്തികളോട് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ ഇത്തരം സ്ഥാപനങ്ങൾ ആവശ്യപ്പെടാറില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകൾക്കിരയാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ ലിങ്ക്ഡ്ഇനിലെ വെരിഫൈ ചെയ്ത അക്കൗണ്ടിൽ മാത്രമാണ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.