മങ്കിപോക്സ് (Mpox) രോഗബാധ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി ഒമാൻ ആരോഗ്യ മന്ത്രാലയം ഒരു പൊതു അറിയിപ്പ് പുറത്തിറക്കി. നവംബർ 10-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഈ അറിയിപ്പ് പുറത്തിറക്കിയത്.
🔹جدري القردة كل ما تحتاج معرفته لحماية نفسك وصحتك
— وزارة الصحة – سلطنة عُمان (@OmaniMOH) November 10, 2025
🔹Monkeypox
Everything you need to know to protect yourself ⬇️#صحة_رائدة_مستدامة_للجميع pic.twitter.com/a6IkY6moQL
മങ്കിപോക്സ് രോഗബാധ തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനും, രോഗം തടയുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് മന്ത്രാലയം ഈ അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പൊതു ആരോഗ്യം ഉറപ്പ് വരുത്തുന്നതിനുള്ള വ്യക്തിശുചിത്വം സംബന്ധിച്ച നിർദ്ദേശങ്ങളും ഇതിലുണ്ട്.
മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് മങ്കിപോക്സ് (Mpox) രോഗബാധയെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പനി, തലവേദന, ശരീരവേദന, തളർച്ച തുടങ്ങിയവയാണ് ഈ രോഗബാധയുടെ പ്രഥമലക്ഷണങ്ങളെന്ന് മന്ത്രാലയം അറിയിച്ചു.
തുടർന്ന് രോഗബാധിതരുടെ മുഖത്തും, ജനനേന്ദ്രിയങ്ങളിലും, മറ്റിടങ്ങളിലും ചൊറിച്ചിലോട് കൂടിയ ചുണങ്ങുകളും ചെറിയ കുമിളകളും പ്രകടമാകുന്നതാണ്. രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് ഈ രോഗം പടരുന്നത്.
രോഗബാധ തടയുന്നതിനായി താഴെ പറയുന്ന മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്:
- കൈകൾ സോപ്പും, വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതാണ്.
- മങ്കിപോക്സ് രോഗബാധിതരുമായോ, രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരുമായോ നേരിട്ടുള്ള സമ്പർക്കങ്ങൾ ഒഴിവാക്കേണ്ടതാണ്.
- രോഗബാധിതർ ഉപയോഗിച്ചിട്ടുള്ള വസ്തുക്കൾ, അവർ സ്പർശിച്ചിട്ടുള്ള പ്രതലങ്ങൾ എന്നിവ തൊടുന്നത് ഒഴിവാക്കേണ്ടതാണ്.
രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ ഉടൻ തന്നെ ആരോഗ്യ അധികൃതരെ ബന്ധപ്പെടേണ്ടതും, സ്വയം ഐസൊലേഷനിൽ തുടരേണ്ടതുമാണ്.

