ഗുണഭോക്തൃ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്താനൊരുങ്ങുന്നതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഒരു സ്ഥാപനത്തിന്റെ ഗുണഭോക്തൃ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്നവർക്കും, ഇത് സംബന്ധിച്ച് വാർഷികാടിസ്ഥാനത്തിൽ സ്ഥിരീകരണം നൽകാതിരിക്കുന്നവർക്കുമാണ് ഈ പിഴ ചുമത്തുന്നത്.
ഇത്തരം വീഴ്ചകൾക്ക് 500 റിയാൽ പിഴ ചുമത്തുന്നതിനാണ് മന്ത്രാലയം ഒരുങ്ങുന്നതെന്നാണ് സൂചന. ഇത്തരം വീഴ്ചകൾ തുടർ വർഷവും ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അമ്പത് ശതമാനം അധിക പിഴ ചുമത്തുന്നതിനും മന്ത്രാലയം ആലോചിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട കരട് പ്രമേയം പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം അറിയുന്നതിനായി ഇസ്തില സംവിധാനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

