ഒരു റിയാലിന്റെ പ്രത്യേക പോളിമർ കറൻസി നോട്ട് 2026 ജനുവരി 11-ന് പുറത്തിറക്കുമെന്ന് ഒമാൻ സെൻട്രൽ ബാങ്ക് അറിയിച്ചു. 2025 ഡിസംബർ 21-നാണ് ഒമാൻ സെൻട്രൽ ബാങ്ക് ഇക്കാര്യം അറിയിച്ചത്.
ميزات الأمان في الورقة النقدية التذكارية التي أصدرها #البنك_المركزي_العماني من البوليمر من فئة ريال واحد | 🔐 pic.twitter.com/p3NTsZvICV
— البنك المركزي العماني (@CentralBank_OM) December 21, 2025
പോളിമർ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ കറൻസി നോട്ടുകൾ ദീർഘനാൾ ഈട് നിൽക്കുന്നതും, ശക്തമായ സുരക്ഷാ മുൻകരുതലുകൾ ഉൾപ്പെടുത്തിയവയുമാണ്.

145 x 76 മില്ലീമീറ്റർ വലിപ്പമുള്ള ഈ ബാങ്ക് നോട്ടുകളുടെ മുൻവശത്ത് ഒമാൻ ബൊട്ടാണിക് ഗാർഡന്റ്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ഈ നോട്ടിന്റെ പുറക് വശത്ത് സയ്യിദ് താരിഖ് ബിൻ തൈമൂർ കൾച്ചറൽ കോംപ്ലക്സ്, ദുഖം പോർട്ട് ആൻഡ് റിഫൈനറി എന്നിവയുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.

ഒമാൻ ബൊട്ടാണിക് ഗാർഡന്റെ കമാനാകൃതിയിലുള്ള ജാലകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്തിട്ടുള്ള വലിയ സുതാര്യമായ ഏരിയ, കുന്തിരിക്കം ലഭിക്കുന്ന മരത്തിന്റെ രൂപം മുദ്രണം ചെയ്തിട്ടുള്ള നിറം മാറുന്ന ഒരു ഫോയിൽ തുടങ്ങിയ സുരക്ഷാ സവിശേഷതകളും ഈ നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ പ്രചാരത്തിലുള്ള ഒരു റിയാൽ മൂല്യമുള്ള പേപ്പർ ബാങ്ക് നോട്ടിനൊപ്പം ഈ പുതിയ പോളിമർ ബാങ്ക് നോട്ടുകൾ ഉപയോഗിക്കാമെന്ന് ഒമാൻ സെൻട്രൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഈ ബാങ്ക് നോട്ടുകൾ റുവി, സലാല, സൊഹാർ എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ കറൻസി എക്സ്ചേഞ്ച് കൗണ്ടറുകൾ, ഓപ്പറ ഗാലറിയയിലെ ഒമാൻ പോസ്റ്റ് വില്പന കൌണ്ടർ എന്നിവിടങ്ങളിൽ നിന്നും 2026 ജനുവരി 11 മുതൽ ലഭ്യമാക്കുന്നതാണ്.
Cover Image: Central Bank of Oman.

