റാസ് അൽ ഖൈമ: ഗിന്നസ് റെക്കോർഡ് നേട്ടവുമായി പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം

featured GCC News

2026-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം ഒരു ഗിന്നസ് റെക്കോർഡ് നേട്ടം കൈവരിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പുതുവർഷ രാവിൽ പതിനഞ്ച് മിനിറ്റ് നീണ്ട് നിന്ന ഫയർവർക്സ്, ഡ്രോൺ ഷോ പ്രദർശനമാണ് റാസൽഖൈമയിൽ ഒരുക്കിയിരുന്നത്. ‘മൾട്ടി-റോട്ടർ/ ഡ്രോണുകളാൽ ആകാശത്ത് തീർത്ത ഏറ്റവും വലിയ ഫീനിക്സ് പക്ഷിയുടെ രൂപം’ എന്ന ഗിന്നസ് റെക്കോർഡാണ് പുതുവർഷരാവിൽ റാസ് അൽ ഖൈമ നേടിയത്.

Source: WAM.

പയ്‌റോ ഡ്രോണുകൾ, ലേസർ ഡ്രോണുകൾ എന്നിവ ഉൾപ്പടെ 2300-ലധികം ഡ്രോണുകൾ ഉപയോഗിച്ചാണ് ഈ ഫീനിക്സ് രൂപം റാസൽഖൈമയുടെ വാനിൽ തീർത്തത്. 1000 പയ്‌റോ ഡ്രോണുകൾ തീജ്വാലയിൽ തിളങ്ങുന്ന രീതിയിലുള്ള ഫീനിക്സ് പക്ഷിയുടെ ചിറകുകൾക്ക് രൂപം നൽകി.

Source: WAM.

റാസ് അൽ ഖൈമയുടെ ആതിഥേയത്വം, തുറന്ന പ്രകൃതം എന്നിവയുടെ പ്രതീകമായി വാനിൽ തെളിഞ്ഞ ‘ദി വെൽക്കം’ എന്ന തുറന്ന് പിടിച്ച കൈകളോടെ കടലിൽ നിന്നുയരുന്ന മനുഷ്യ രൂപവും ഡ്രോൺ ഷോയിൽ ഏറെ ശ്രദ്ധേയമായി.

Source: WAM.

തുടർന്ന് മാർജാൻ ഐലൻഡ് മുതൽ അൽ ഹംറ വരെ 6 കിലോമീറ്റർ നീളത്തിൽ 15 മിനിറ്റ് നീണ്ട് നിൽക്കുന്ന കരിമരുന്ന് പ്രകടനം അരങ്ങേറി.