എമിറേറ്റിലെ പാർപ്പിട മേഖലകളിലും, മണൽപ്രദേശങ്ങളിലും ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2026 ജനുവരി 4-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#أخبارنا | #شرطة_أبوظبي تحذر السائقين من إحداث الضجيج في المناطق السكنية والرملية
— شرطة أبوظبي (@ADPoliceHQ) January 4, 2026
حذرت شرطة أبوظبي من السلوكيات السلبية التي يقوم بها بعض قائدي المركبات وخصوصاً فئة الشباب والتي تؤدي إلى إحداث الضجيج والإزعاج والقيادة بتهور في بعض الطرق وخاصة المناطق الرملية القريبة من المناطق… pic.twitter.com/oChRozx9eJ
അബുദാബിയിലെ പാർപ്പിട മേഖലകളിലും, മണൽപ്രദേശങ്ങളിലും അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കും, ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്കും പിഴ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഇടങ്ങളിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തുന്ന യുവ ഡ്രൈവർമാരെ പ്രത്യേകം ലക്‌ഷ്യം വെച്ചാണ് പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയിരിക്കുന്നത്.
അപകടകരമായ ഡ്രൈവിംഗ്, വാഹനങ്ങളിൽ നിന്നുള്ള ശബ്ദമലിനീകരണം എന്നിവ പൊതു സമാധാനത്തിന് ഭംഗം വരുത്തുന്നതായും, ഇത്തരം ഇടങ്ങളിലെ നിവാസികൾക്കിടയിൽ അസ്വാസ്ഥ്യം, ആകുലത എന്നിവ ഉണ്ടാക്കുമെന്നും, കുട്ടികൾ, മുതിർന്നവർ, രോഗികൾ തുടങ്ങിയവരെയും, റോഡിലെ മറ്റു ഡ്രൈവർമാരെയും പ്രതികൂലമായി ബാധിക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്നവർ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. പാർപ്പിട മേഖലകളിലും, മണൽപ്രദേശങ്ങളിലും മോട്ടോർ ബൈക്കുകൾ ഉപയോഗിക്കുന്നവർ അത്തരം വാഹനങ്ങൾ മൂലം ശബ്ദമലിനീകരണം, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് എന്നിവ ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
പൊതു സമാധാനത്തിന് ഭംഗം വരുത്തുന്ന രീതിയിലുള്ള റോഡിലെ തെറ്റായ പ്രവണതകൾ കണ്ടെത്തി തടയുന്നതിനുള്ള പ്രത്യേക നിരീക്ഷണം ആരംഭിച്ചതായി പോലീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ 999 എന്ന നമ്പറിൽ വിളിച്ച് കൊണ്ട് കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററുമായി പൊതുജനങ്ങൾക്ക് പങ്ക് വെക്കാവുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പിഴ തുകകൾ സംബന്ധിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്:
- റോഡിലും, മറ്റു പൊതുഇടങ്ങളിലും മനഃപൂർവ്വം വലിയ രീതിയിലുള്ള ശബ്ദം ഉണ്ടാകുന്ന വാഹനങ്ങൾക്ക് 2000 ദിർഹം പിഴ ചുമത്തുന്നതാണ്. ഇതിന് പുറമെ ഇത്തരം വാഹനങ്ങൾക്ക് 12 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ചുമത്തുന്നതാണ്.
- വാഹനങ്ങളുടെ എഞ്ചിൻ, ഷാസിസ് എന്നിവയിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തുന്നവർക്ക് 1000 ദിർഹം പിഴ, 12 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ എന്നിവ ചുമത്തുന്നതാണ്. ഇതിന് പുറമെ ഇത്തരം വാഹനങ്ങൾ 30 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃതമായി രൂപമാറ്റം വരുത്തിയതിന് പിടിച്ചെടുക്കപ്പെട്ട വാഹനം വിട്ടു കിട്ടുന്നതിനായി വാഹനഉടമയിൽ നിന്ന് 10000 ദിർഹം ഫീസായി ഈടാക്കുന്നതാണ്. മൂന്ന് മാസത്തിനകം ഈ ഫീസ് നൽകി മടക്കിയെടുക്കാത്ത ഇത്തരം വാഹനങ്ങൾ പൊതുലേലത്തിലൂടെ വിൽക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

