രാജ്യത്തെ വിദേശ സ്വത്തുടമകൾക്കും, വിദേശ നിക്ഷേപകർക്കുമുള്ള റെസിഡൻസി, വിസ നിയമങ്ങൾ ഒമാൻ ലഘൂകരിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ പുതിയ നിയമ ഭേദഗതികൾ പ്രകാരം യോഗ്യരായ വിദേശ സ്വത്ത് ഉടമകൾക്കും, നിക്ഷേപകർക്കും പ്രാദേശിക സ്പോൺസറുടെ സഹായമില്ലാതെ പെർമിറ്റുകൾ നേടാൻ അനുമതി ലഭിക്കുന്നതിനായി അപേക്ഷിക്കാവുന്നതാണ്.
പോലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഹസ്സൻ ബിൻ മൊഹ്‌സിൻ അൽ ഷുറൈഖി പുറപ്പെടുവിച്ചിട്ടുള്ള ’87/2026′ എന്ന ഔദ്യോഗിക തീരുമാനത്തിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഈ തീരുമാനം അടുത്തിടെ പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ പുതിയ നിയമപ്രകാരം, ഒമാനിൽ നിർമ്മാണത്തിനോ, രജിസ്ട്രേഷൻ നടപടിക്രമങ്ങൾ തുടരുന്ന റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾക്കോ വേണ്ടി നിയുക്തമാക്കിയ ഭൂമി വാങ്ങുന്ന വിദേശ പൗരന്മാർക്ക്, ഒമാനി സ്പോൺസറുടെ ആവശ്യമില്ലാതെ, യോഗ്യതയുള്ള അതോറിറ്റിയിൽ നിന്നുള്ള സർട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ വിസകൾക്കും റെസിഡൻസി പെർമിറ്റുകൾക്കും അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കുന്നതാണ്.
പുതിയ വ്യവസ്ഥകൾ പ്രകാരം യോഗ്യരായ സ്വത്ത് ഉടമകളുടെ ജീവിതപങ്കാളികൾക്കും, മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ തുടങ്ങിയ ഒന്നാം-ഡിഗ്രി ബന്ധുക്കൾക്കും, ഒമാനിൽ ലാൻഡ് പ്ലോട്ടുകളോ റിയൽ എസ്റ്റേറ്റ് യൂണിറ്റുകളോ സ്വന്തമാക്കിയിരിക്കുന്ന കമ്പനികളുടെ നിയമപരമായ പ്രതിനിധികൾക്കും ഈ സ്പോൺസർ-ഫ്രീ വിസ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
ഇത്തരം വിസകൾ ആറ് മാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിലേക്കാണ് നൽകുന്നത്. ഇവ സമാനമായ കാലയളവിലേക്ക് പുതുക്കാവുന്നതുമാണ്. ഓരോ തവണ ഒമാൻ സന്ദർശിക്കുന്ന അവസരത്തിലും ഇത്തരം വിസകളിലെത്തുന്നവർക്ക് മൂന്ന് മാസം വരെ ഒമാനിൽ താമസിക്കാൻ അനുവാദം ലഭിക്കുന്നതാണ്.

