സൗദി അറേബ്യ: ഖിദ്ദിയ സിറ്റിയിലെ അക്വാഅറേബ്യ 2026 മാർച്ചിൽ തുറന്ന് കൊടുക്കുമെന്ന് സൂചന

featured GCC News

ഖിദ്ദിയ സിറ്റിയിലെ അക്വാഅറേബ്യ വാട്ടർ പാർക്ക് 2026 മാർച്ചിൽ തുറന്ന് കൊടുക്കുമെന്ന് സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2026 മാർച്ച് 19-ന് ആരംഭിക്കുന്ന ഈദുൽ ഫിത്ർ അവധിദിനങ്ങളുടെ വേളയിൽ അക്വാഅറേബ്യ വാട്ടർ പാർക്ക് തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഖിദ്ദിയ ഇൻവെസ്റ്റ്മെന്റ് കമ്പനി മാനേജിങ് ഡയറക്ടർ അബ്ദുല്ല അൽ ദാവൂദാണ് ഇക്കാര്യം ഔദ്യോഗികമായി സൂചിപ്പിച്ചിരിക്കുന്നത്.

ഒമ്പത് മേഖലകളിലായി 22 ആകർഷണങ്ങൾ ഉൾപ്പെടുത്തിയാണ് അക്വാഅറേബ്യ വാട്ടർ പാർക്ക് ഒരുക്കുന്നത്. വാട്ടർ സ്ലൈഡുകൾ, ലേസി റിവർ, വിവിധ പൂളുകൾ, മറ്റു ജല കായിക വിനോദങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. സൗദി അറേബ്യയിലെ ആദ്യത്തെ സർഫ് പൂളായ സർഫ്ടോപിയ, ലോകത്തെ ഏറ്റവും ഉയരമേറിയതും, നീളമേറിയതുമായ ‘ജുനൂൻ ഡ്രോപ്പ്’ എന്ന വാട്ടർകോസ്റ്റർ, ലോകത്തെ ഏറ്റവും നീളമേറിയ സ്ലൈഡ് വീലായ സ്ലിതറീൽ തുടങ്ങിയവ അക്വാഅറേബ്യയിലെ പ്രധാന ആകർഷണങ്ങളാണ്.

സന്ദർശകർക്ക് മുഴുവൻ ദിനവും അക്വാഅറേബ്യയിൽ ആസ്വദിക്കാനാകുന്ന രീതിയിൽ 22 ഡൈനിംഗ് ഔട്ട്‌ലെറ്റുകൾ, ഏഴ് റീട്ടെയിൽ സ്റ്റോറുകൾ തുടങ്ങിയവയും ഈ വാട്ടർ പാർക്കിൽ ഒരുക്കുന്നതാണ്.

റിയാദിലെ മൾട്ടി-ബില്യൺ-ഡോളർ വിനോദകേന്ദ്രമായ ഖിദ്ദിയ സിറ്റിയിലെ തീം പാർക്കായ സിക്സ് ഫ്ലാഗ്‌സ് ഖിദ്ദിയ സിറ്റി 2025 ഡിസംബർ 30-ന് ഉദ്ഘാടനം ചെയ്തിരുന്നു.