എമിറേറ്റിലെ റോഡുകളിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താതിരിക്കുന്നവർക്കും, കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും പിഴ ചുമത്തുമെന്ന് ഷാർജ പോലീസ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ അവഗണിക്കപ്പെടുന്ന അവസരത്തിലും, ഗതാഗത നിയമങ്ങൾ ലംഘിക്കപ്പെടുന്ന അവസരത്തിലും ഏറ്റവും ദുർബലരായ റോഡ് ഉപയോക്താക്കൾ എന്ന നിലയിൽ കാൽനടയാത്രക്കാർ ഗതാഗത അപകടങ്ങളിൽ പെടുന്നതായി ഷാർജ പോലീസ് ചൂണ്ടിക്കാട്ടി. ഇതിനാൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഒരു ഗതാഗത നിയമം എന്നതിലുപരി ഒരു പൊതു മാനുഷിക ഉത്തരവാദിത്തമാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.
യു എ ഇയിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിലും, ഇത്തരം ഇടങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിലും വീഴ്ച്ച വരുത്തുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുന്നതാണ്. ഇതിന് പുറമെ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാർക്ക് 6 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്.

