ദേശീയ ഐക്യത്തിനും, പൊതു സുരക്ഷയ്ക്കും ഭീഷണിയായ സമൂഹമാധ്യമ ഉള്ളടക്കങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. 2026 ഏപ്രിൽ 29-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
#وزارة_الداخلية : الجهات المختصة تباشر – في حينه – الإجراءات النظامية بحق متورطين في جرائم مُهددة للوحدة الوطنية والسلم والأمن المُجتمعي. pic.twitter.com/KsvD58yf6I
— وزارة الداخلية 🇸🇦 (@MOISaudiArabia) April 29, 2026
ഇത്തരം സമൂഹമാധ്യമ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച വ്യക്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
ദേശീയ ഐക്യത്തെയും സാമൂഹിക സമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള വിഷയങ്ങൾ അഭിസംബോധന ചെയ്യുന്നതും, സമൂഹത്തിൽ വർഗ്ഗപരമായ വേർതിരിവിന് പ്രേരിപ്പിക്കുന്ന പദപ്രയോഗങ്ങൾ അടങ്ങിയതുമായുള്ള ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്ക് വെക്കപ്പെടുന്നതായി തങ്ങളുടെ നിരീക്ഷണങ്ങളിൽ കണ്ടെത്തിയതായി മന്ത്രാലയം ഒരു ഔദ്യോഗിക പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ രാജ്യത്തെ ബാധകമായ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി അധികാരികൾ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വൈകാരികമായ വിഷയങ്ങളെ മുതലെടുക്കുന്നതിനോ സമൂഹത്തിൽ വേർതിരിവ് സൃഷ്ടിക്കുന്നതിനോ ഉള്ള ഏതൊരു ശ്രമത്തിനെതിരെയും അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

