രാജ്യത്തുടനീളം താപനില ഉയരുന്ന സാഹചര്യത്തിൽ ചൂട് പ്രതിരോധിക്കുന്നതിനുള്ള ആരോഗ്യ നടപടികൾ പാലിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. 2026 ജൂൺ 20-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
وزارةُ الصحة تؤكّد أهمية الوقاية من الإجهاد الحراري وضربات الشمس خلال فصل الصيف، خاصة مع ارتفاع درجات الحرارة وازدياد تأثر بعض الفئات بالمضاعفات الصحية المرتبطة بالحرارة.https://t.co/DqL4chmmbG#العُمانية pic.twitter.com/clyEaqm5sv
— وكالة الأنباء العمانية (@OmanNewsAgency) June 20, 2026
വേനൽച്ചൂടിൽ താപ സമ്മർദ്ദം, സൂര്യാഘാതം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ഇത് ഏറെ പ്രധാനമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വേനൽക്കാലത്ത് പ്രായമായവർ, കുട്ടികൾ, തുറന്ന ഇടങ്ങളിൽ തൊഴിലെടുക്കുന്നവർ, തീർത്ഥാടകർ എന്നിവരുൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്ക് ചൂടുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
65 വയസ്സിനു മുകളിലുള്ളവർ, ശിശുക്കൾ, നാല് വയസ്സിന് താഴെയുള്ള കുട്ടികൾ, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലാളികൾ, വായുസഞ്ചാരം കുറവുള്ളതും എയർ കണ്ടീഷൻ ചെയ്യാത്തതുമായ അന്തരീക്ഷത്തിൽ തൊഴിലെടുക്കുന്നവർ, ഹജ്ജ്, ഉംറ തീർത്ഥാടകർ തുടങ്ങിയവരാണ് ചൂടിനും സൂര്യാഘാതത്തിനും ഏറ്റവും കൂടുതൽ ഇരയാകുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അമിതമായ വിയർപ്പ്, ക്ഷീണം, തലവേദന, ഓക്കാനം, ഛർദ്ദി, തലകറക്കം, അതിദാഹം, പേശിവലിവ്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, 38°C നും 39.5°C നും ഇടയിലുള്ള ശരീര താപനിലയിലെ വർദ്ധനവ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ചൂടുള്ള, ചുവന്ന ചർമ്മം അല്ലെങ്കിൽ വിളറിയതും, തണുപ്പുള്ളതും, നനവ് അനുഭവപ്പെടുന്നതുമായ ചർമ്മം എന്നീ മുന്നറിയിപ്പ് അടയാളങ്ങളും പ്രത്യേകം സൂക്ഷിക്കേണ്ടതാണ്.
ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾ തടയുന്നതിനായി, ദിവസം മുഴുവൻ പതിവായി വെള്ളം കുടിച്ച് ജലാംശം നിലനിർത്തേണ്ടതാണ്. ചൂടുള്ള സാഹചര്യങ്ങളിൽ സമ്പർക്കം പുലർത്തുന്ന വ്യക്തികൾ ഓരോ മണിക്കൂറിലും രണ്ട് മുതൽ നാല് കപ്പ് വരെ വെള്ളം കുടിക്കേണ്ടതും, കഫീൻ, പഞ്ചസാര എന്നിവ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കേണ്ടതുമാണ്. കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ മൂലം നഷ്ടപ്പെടുന്ന ലവണങ്ങൾ ശരീരത്തിന് തിരികെ ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതും പ്രധാനമാണ്.
രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയങ്ങളിൽ വെയിലേൽക്കുന്ന തുറന്ന ഇടങ്ങളിലെ ആയാസകരമായ പ്രവർത്തനങ്ങൾ ഒഴിവാക്കുക, തണലുള്ളതോ എയർ കണ്ടീഷൻ ചെയ്തതോ ആയ സ്ഥലങ്ങളിൽ പതിവായി ഇടവേളകളിൽ വിശ്രമിക്കുക, അയഞ്ഞതും ഇളം നിറമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക, തൊപ്പികൾ, സൺഗ്ലാസുകൾ, സൺസ്ക്രീൻ എന്നിവ ഉപയോഗിക്കുക, പരമാവധി ചൂട് അനുഭവപ്പെടുന്ന സമയങ്ങളിൽ സാധ്യമാകുമ്പോഴെല്ലാം വീടിനുള്ളിൽ തന്നെ തുടരുക തുടങ്ങിയ നിർദ്ദേശങ്ങൾ പിന്തുടരാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വീടിനുള്ളിലെ ചൂട് കുറയ്ക്കുന്നതിനായി പകൽ സമയങ്ങളിൽ ജനാലകളും കർട്ടനുകളും അടച്ചിടേണ്ടതാണ്.
എയർ കണ്ടീഷൻ ചെയ്ത അന്തരീക്ഷത്തിൽ ജോലി ചെയ്യുന്ന പുരുഷന്മാർ പ്രതിദിനം 3.5 മുതൽ 4 ലിറ്റർ വരെയും, സ്ത്രീകൾ 2.5 മുതൽ 3 ലിറ്റർ വരെയും പാനീയങ്ങൾ കുടിക്കേണ്ടതാണ്. നേരിട്ടുള്ള ചൂടിൽ ജോലി ചെയ്യുന്നവരും വ്യായാമം ചെയ്യുന്നവരും ഓരോ 15 – 20 മിനിറ്റ് ഇടവേളകളിലും ഒന്ന് മുതൽ രണ്ട് കപ്പ് വരെ വെള്ളം കുടിക്കേണ്ടതാണ്.
കുട്ടികൾക്ക് ഇടയ്ക്കിടെ പാനീയങ്ങൾ നൽകുകയും അവർ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. പ്രായമായവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദാഹം തോന്നിയില്ലെങ്കിൽ പോലും വെള്ളം കുടിക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണം.
തുറന്ന ഇടങ്ങളിൽ ജോലിചെയ്യുന്നവർ സംരക്ഷണ വസ്ത്രങ്ങൾ ധരിക്കേണ്ടതാണ്. ഇവർ പതിവായി ജലാംശം നിലനിർത്തുന്നതിനായി വെള്ളം കുടിക്കേണ്ടതും, കാർബണേറ്റഡ് പാനീയങ്ങളും കഫീനും ഒഴിവാക്കേണ്ടതുമാണ്. പുറം തൊഴിലിടങ്ങളിൽ ജോലിചെയ്യുന്നവർ താപ സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും, ഇവ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൊഴിലുടമകൾ താപ സമ്മർദ്ദം, സൂര്യാഘാതം മുതലായവയുടെ ലക്ഷണങ്ങൾ തിരിച്ചറിയാൻ തൊഴിലാളികൾക്ക് പരിശീലനം നൽകേണ്ടതും, ഇത്തരം തൊഴിലിടങ്ങളിൽ അടിയന്തര പ്രതികരണ പദ്ധതികൾ നടപ്പിലാക്കേണ്ടതുമാണ്.
സൂര്യാഘാതം ഏറ്റതായി സംശയിക്കുന്ന വ്യക്തിയെ ഉടൻ തന്നെ തണലുള്ളതോ എയർ കണ്ടീഷൻ ചെയ്തതോ ആയ സ്ഥലത്തേക്ക് മാറ്റാനും, അടിയന്തര വൈദ്യസഹായം എത്തുന്നതിന് മുൻപായി കാലുകൾ അൽപ്പം ഉയർത്തി കിടത്താനും, അധിക വസ്ത്രങ്ങൾ നീക്കം ചെയ്യാനും, തണുത്ത വെള്ളം, നനഞ്ഞ തുണികൾ, കോൾഡ് കംപ്രസ്സുകൾ എന്നിവ കഴുത്ത്, കക്ഷം, തുടകൾ എന്നിവിടങ്ങളിൽ ഉപയോഗിച്ച് ശരീരം തണുപ്പിക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

