യു എ ഇ: ഫുജൈറയിലെ വാദി വുരായ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി

GCC News

ഫുജൈറയിലെ വാദി വുരായ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി. 2026 ജൂലൈ 25-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യുഎഇയിൽ നിന്ന് യുനെസ്കോയുടെ നാച്ചുറൽ ഹെറിറ്റേജ് സൈറ്റ് പട്ടികയിൽ ഇടം നേടുന്ന ആദ്യത്തെ സ്ഥലമാണ് വാദി വുരായ.

റിപ്പബ്ലിക് ഓഫ് കൊറിയയിലെ ബുസാനിൽ വെച്ച് നടന്ന യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (UNESCO) വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ നാല്പത്തിയെട്ടാമത്‌ സെഷനിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങളിലൊന്നായ വാദി വുരായയുടെ അന്താരാഷ്ട്ര പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നതാണ് ഈ അംഗീകാരം.

Source: WAM.

യു എ ഇയുടെയും ഫുജൈറ എമിറേറ്റിന്റെയും നേട്ടങ്ങളിൽ ഈ ചരിത്ര നിമിഷം ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഫുജൈറ കിരീടാവകാശിയും യുനെസ്കോയിലേക്കുള്ള വാദി വുരായ നാമനിർദ്ദേശ ഫയലിന്റെ അംബാസഡറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി പ്രതികരിച്ചു.

Source: WAM.

ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി യു എ ഇയുടെ പ്രകൃതിദത്ത പൈതൃകം സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിൻറെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നതായും, ഈ നേട്ടം രാജ്യത്തിന്റെ യാത്രയിലും, ആഗോള നിലയിലും ഒരു അസാധാരണ നിമിഷമാണെന്നും അദ്ദേഹം അടിവരയിട്ടു.

Source: WAM.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദൃശ്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന വാദി വുരായ ദേശീയോദ്യാനം ഫുജൈറയിൽ ഹജർ പർവതനിരകൾക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. സംരക്ഷിത പർവതപ്രദേശമായ വാദി വുരായ അതിന്റെ ദേശീയ പ്രാധാന്യം കണക്കിലെടുത്ത് ഒരു സംരക്ഷിത മേഖലയായി ഇതിനകം തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

അപൂർവമോ വംശനാശഭീഷണി നേരിടുന്നതോ ആയ നിരവധി ഇനങ്ങൾ ഉൾപ്പടെ വൈവിധ്യമാർന്ന സസ്യ-ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ് വാദി വുരായ.