ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) മുപ്പത്തിരണ്ടാമത് സീസൺ 2026 ഡിസംബർ 4-ന് ആരംഭിക്കും.
Dubai Shopping Festival unveils a 45-day programme of entertainment, shopping and experiences for its 32nd edition, which runs from 4 December 2026 to 17 January 2027. https://t.co/KqG8PvRigP https://t.co/L6UhdTufa7
— Dubai Media Office (@DXBMediaOffice) November 23, 2026
2026 ഡിസംബർ 4 മുതൽ 2027 ജനുവരി 17 വരെ നീണ്ട് നിൽക്കുന്ന മുപ്പത്തിരണ്ടാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ കൂടുതൽ വിവരങ്ങൾ ദുബായ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിൻ്റെ (DET) ഭാഗമായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെൻ്റ് (DFRE) പ്രഖ്യാപിച്ചിട്ടുണ്ട്. 2026 നവംബർ 23-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
45 ദിവസം നീണ്ടുനിൽക്കുന്ന ഈ മേളയിൽ, നഗരത്തിലുടനീളം വമ്പൻ സംഗീത പരിപാടികൾ, അതിമനോഹരമായ ലൈറ്റ് ഷോകൾ, വാഹന പ്രദർശനങ്ങൾ, ഷോപ്പിംഗ് ഓഫറുകൾ, വ്യത്യസ്ത വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരങ്ങൾ, കുടുംബങ്ങൾക്കായുള്ള വിനോദ പരിപാടികൾ എന്നിവയ്ക്കൊപ്പം ലക്ഷക്കണക്കിന് ദിർഹം മൂല്യമുള്ള സമ്മാനങ്ങളും റാഫിൾ നറുക്കെടുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
റാഷിദ് അൽ മജീദിന്റെ ഒരു സംഗീത പരിപാടി, ജലാശയത്തിന് മുകളിലെ അതിമനോഹരമായ ഡ്രോൺ ഷോകൾ, ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിലെ ‘എത്തിസലാത്ത് ഡിഎസ്എഫ് നൈറ്റ്സ്’, ‘എത്തിസലാത്ത് ബീച്ച് ക്യാന്റീൻ’, ‘ഹട്ട ഗ്ലോ റൺ’, നാദ് അൽ ഷെബയിലെ ‘എത്തിസലാത്ത് എംഒടിബി’ തുടങ്ങിയ പരിപാടികൾ ഇത്തവണത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം ഷോപ്പിംഗ് തന്നെയാണെന്നും, ഈ ഫെസ്റ്റിവൽ കാലയളവിൽ, ഇതിൽ പങ്കാളികളാകുന്ന മാളുകളും റീട്ടെയിൽ ഔട്ട്ലെറ്റുകളും പ്രത്യേക ഓഫറുകളും കിഴിവുകളും നൽകുന്നതിനൊപ്പം, സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങളും ഒരുക്കുന്നതായും DFRE ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
‘ദുബായ്സ് സീസൺ ഓഫ് ഫൈൻഡ്സ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മുപ്പത്തിരണ്ടാമത് DSF നഗരത്തിലെ വൈവിധ്യമാർന്ന ഇടങ്ങൾ സന്ദർശിക്കാനും പുതിയ അനുഭവങ്ങൾ കണ്ടെത്താനും, ദുബായിലെ ശൈത്യകാലം പരമാവധി ആസ്വദിക്കാനും നിവാസികളെയും, സന്ദർശകരെയും ക്ഷണിക്കുന്നു.
ഇത്തവണത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമാകുന്ന വാരാന്ത്യത്തിൽ (2026 ഡിസംബർ 4 മുതൽ ഡിസംബർ 6 വരെ) വിപുലമായ ലൈവ് പ്രകടനങ്ങളും സംവേദനാത്മക ആഘോഷങ്ങളും, ഒപ്പം അതിമനോഹരമായ പുതിയ വാട്ടർഫ്രണ്ട് ലൈറ്റ് ഷോയുടെ ആദ്യ പ്രദർശനങ്ങളും അരങ്ങേറുന്നതാണ്. മേഖലയിലെ പ്രമുഖ സംഗീതജ്ഞരിലൊരാളായ റാഷിദ് അൽ മജീദ്, ഡിസംബർ 4-ന് കൊക്കക്കോള അരീനയിൽ അവതരിപ്പിക്കുന്ന സംഗീത പരിപാടിയോടെ ഫെസ്റ്റിവലിന് ഔദ്യോഗിക തുടക്കമാകും.
അന്താരാഷ്ട്ര വിനോദങ്ങൾ, ഷോപ്പിംഗ്, വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ, സംസ്കാരം എന്നിവ ഉൾക്കൊള്ളുന്ന, നഗരത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന പരിപാടികളിലൂടെ, ദുബായിലെ ശൈത്യകാലത്ത് ആളുകളെ ഒന്നിപ്പിക്കുന്ന മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പാരമ്പര്യം ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഇത്തവണയും തുടരുന്നതാണ്. DSF-ന്റെ ഭാഗമായി ജെബിആർ തീരം മുതൽ ഹട്ടയിലെ മനോഹരമായ പർവതനിരകൾ വരെ, ഉദ്ഘാടന വാരാന്ത്യത്തിലും അതിനു ശേഷവും, കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കുമായി തത്സമയ പ്രകടനങ്ങളും, ആവേശകരമായ കാഴ്ചകളും അനുഭവങ്ങളും അരങ്ങേറുന്നതാണ്.

