ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾ 29 ശതമാനം പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2026 നവംബർ 22-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Dubai Metro Blue Line project 29% completion rate Official opening 9/9/2029 https://t.co/uoP6zDfy5g
— Dubai Media Office (@DXBMediaOffice) November 22, 2026
2025 ജൂൺ 9-നാണ് ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. കേവലം ഒന്നരവർഷത്തെ സമയം കൊണ്ട് ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഇരുപത്തൊമ്പത് ശതമാനം പൂർത്തിയാക്കിയതായി RTA വ്യക്തമാക്കിയിട്ടുണ്ട്.
ദുബായ് മെട്രോ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9-ന് ഔദ്യോഗിക ഉദ്ഘാടനം ചെയ്യുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നതെന്നും RTA അറിയിച്ചിട്ടുണ്ട്.

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണപുരോഗതി ഹംദാൻ ബിൻ മുഹമ്മദ് ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെത്തി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. 14,000-ത്തിലധികം തൊഴിലാളികളും എഞ്ചിനീയർമാരും സൂപ്പർവൈസർമാരും ചേർന്ന് ആകെ 33 ദശലക്ഷത്തിലധികം മണിക്കൂർ ജോലി സമയം ഈ പദ്ധതിയ്ക്കായി ഇതുവരെ സംഭാവന ചെയ്തിട്ടുണ്ട്.
ദുബായ് മെട്രോയുടെ ‘ബ്ലൂ ലൈൻ’ ട്രെയിനുകളുടെ പുതിയ രൂപകൽപ്പനയും ഹംദാൻ ബിൻ മുഹമ്മദ് അവലോകനം ചെയ്തു. ആകർഷകമായ രൂപഭംഗി, പ്രവർത്തനക്ഷമത, യാത്രക്കാരുടെ സൗകര്യം എന്നിവ ഒത്തിണങ്ങിയതാണ് ഈ പുതിയ ഡിസൈൻ.

ആധുനിക രൂപകൽപ്പനയും, സ്മാർട്ട് സാങ്കേതികവിദ്യകളും, മെച്ചപ്പെടുത്തിയ യാത്രാസൗകര്യങ്ങളും ഒത്തുചേരുന്ന, ദുബായ് മെട്രോയുടെ ബ്ലൂ ലൈനിൽ ഉപയോഗിക്കാനിരിക്കുന്ന അടുത്ത തലമുറ ട്രെയിനുകളിൽ 675 പേർക്ക് ഇരിക്കാവുന്നതും, ഒരു യാത്രയിൽ ആകെ 1,246 യാത്രക്കാർക്ക് വരെ സഞ്ചരിക്കാവുന്നതുമാണ്. ഈ ട്രെയിനിൽ പ്രീമിയം സീറ്റിംഗ്, വയർലെസ് ചാർജിംഗ്, ഇന്റലിജന്റ് ലൈറ്റിംഗ് എന്നിവയുള്ള ‘ഗോൾഡ് ക്ലാസ്’ സൗകര്യവും, ‘സിൽവർ ക്ലാസ്’ വിഭാഗവും, സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകം നീക്കിവെച്ച കോച്ചുകളും ഉൾപ്പെടുന്നു.
എമിറേറ്റിലെ പ്രധാനപ്പെട്ട പാർപ്പിടമേഖലകൾ, വാണിജ്യകേന്ദ്രങ്ങൾ, വിദ്യാഭ്യാസ മേഖലകൾ എന്നിവയിലൂടെ കടന്ന് പോകുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളെ പരസ്പരം ബന്ധിപ്പിക്കുന്നു.
ആകെ 56.5 ബില്യൺ ദിർഹം നിക്ഷേപമുള്ള ബ്ലൂ ലൈൻ പദ്ധതി മുപ്പത് കിലോമീറ്റർ നീളത്തിൽ, 14 മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്. ബ്ലൂ ലൈൻ പൂർത്തിയാകുന്നതോടെ ദുബായ് മെട്രോയുടെ ഭാഗമായുള്ള റെയിൽവേ ശൃംഖലയുടെ ആകെ നീളം 131 കിലോമീറ്റർ ആകുന്നതാണ്.
ബ്ലൂ ലൈൻ റൂട്ടിൽ 15.5 കിലോമീറ്റർ തുരങ്കപാതയുണ്ട്. ബ്ലൂ ലൈനിൽ ഏഴ് എലവേറ്റഡ് മെട്രോ സ്റ്റേഷനുകളും നാല് ഭൂഗർഭ സ്റ്റേഷനുകളും ഉൾപ്പെടുന്നു.
ദുബായ് മെട്രോ ബ്ലൂ ലൈൻ ടണലിംഗ് പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി 2026 ജൂലൈ 8-ന് RTA അറിയിച്ചിരുന്നു. കേവലം രണ്ട് മാസം കൊണ്ടാണ് ഈ ടണലിംഗ് പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയത്.
Cover Image: Dubai Media Office.

