ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ഫൈനൽ മത്സരത്തിൽ അർജന്റീന പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഫ്രാൻസിനെ തോൽപ്പിച്ചു.
മത്സരത്തിന്റെ മുഴുവൻ സമയത്തും (2 – 2), എക്സ്ട്രാ ടൈമിലും (3 – 3) ഇരുടീമുകളും സ്‌കോർ നിലയിൽ തുല്യത പാലിച്ചതോടെ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെയാണ് കിരീടജേതാക്കളെ കണ്ടെത്തിയത്.
ഇരുപത്തിമൂന്നാം മിനിറ്റിൽ ലയണൽ മെസി പെനാൽറ്റിയിലൂടെ അർജന്റീനയുടെ ആദ്യ ഗോൾ നേടി. മുപ്പത്താറാം മിനിറ്റിൽ ഡി മരിയ അർജന്റീനയുടെ ലീഡ് ഉയർത്തി.
രണ്ടാം പകുതിയുടെ അവസാന പതിനഞ്ച് മിനിറ്റിൽ ആക്രമിച്ച് കളിച്ച ഫ്രാൻസ് എൺപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ മത്സരത്തിലേക്ക് തിരിച്ച് വന്നു. ഫ്രാൻസിന് വേണ്ടി കെയ്ലിയൻ എംബപ്പേ സ്‌കോർ ചെയ്തു.
തൊട്ടടുത്ത മിനിറ്റിൽ എംബപ്പേ ഫ്രാൻസിന്റെ സമനില ഗോൾ നേടി. മുഴുവൻ സമയം അവസാനിക്കുമ്പോൾ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിൽ ലയണൽ മെസി (108′) വീണ്ടും അർജന്റീനയെ മുന്നിലെത്തിച്ചു. എന്നാൽ എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച എംബപ്പേ വീണ്ടും ഫ്രാൻസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നു.
പെനൽറ്റി ഷൂട്ട്ഔട്ടിൽ മെസ്സി, ഡിബാല, പരേഡിസ്, മോന്റിയാൽ എന്നിവർ അർജന്റീനയ്ക്കായി ഗോൾ നേടി. ഫ്രാൻസിന് വേണ്ടി എംബപ്പേ, കുലോമാനി എന്നിവ സ്‌കോർ ചെയ്തപ്പോൾ കൊമാൻ, ചൗമീനി എന്നിവർ അവസരം നഷ്ടപ്പെടുത്തി.
Cover Image: Qatar News Agency.