എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷനെ വരവേൽക്കുന്നതിന് മുന്നോടിയായി ദോഹ മെട്രോ സ്റ്റേഷനുകളിൽ പ്രത്യേക പ്രകാശാലങ്കാരങ്ങൾ ഏർപ്പെടുത്തുന്നതായി ഖത്തർ റെയിൽ അധികൃതർ അറിയിച്ചു. 2023 ജൂലൈ 27-നാണ് ഖത്തർ റെയിൽ ഇക്കാര്യം അറിയിച്ചത്.
2023 ഒക്ടോബർ 2-ന് ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷന്റെ പ്രചാരണപരിപാടികളുടെ ഭാഗമായാണിത്.

ഇതിന്റെ ഭാഗമായി ദോഹ മെട്രോ സ്റ്റേഷനുകൾ എക്സ്പോ 2023 എക്സിബിഷന്റെ ഔദ്യോഗിക വർണ്ണങ്ങൾ, ദീപാലങ്കാരങ്ങൾ എന്നിവ കൊണ്ട് അലങ്കരിക്കുന്നതാണ്.

പശ്ചിമേഷ്യന്‍, നോർത്ത് ആഫ്രിക്കൻ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന ഏറ്റവും വലുതും, ആദ്യത്തെയുമായ ഹോർട്ടികൾച്ചറൽ എക്സിബിഷനാണ് എക്സ്പോ 2023.

179 ദിവസം നീണ്ട് നിൽക്കുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷനായി ഒരുങ്ങിയതായി എക്സ്പോ 2023 ദോഹ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൗരി നേരത്തെ അറിയിച്ചിരുന്നു.
2020-ൽ നടക്കേണ്ടിയിരുന്ന ഈ ഹോർട്ടികൾച്ചറൽ എക്സിബിഷൻ COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവെക്കുകയായിരുന്നു.
2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെയാണ് എക്സ്പോ 2023 ദോഹ സംഘടിപ്പിക്കുന്നത്. അൽ ബിദ്ദ പാർക്കിൽ വെച്ചാണ് ഈ പ്രദർശനം ഒരുക്കുന്നത്.
ആധുനിക കാർഷിക രീതികൾ, സാങ്കേതികവിദ്യകൾ, പരിസ്ഥിതി അവബോധം, സുസ്ഥിരത എന്നീ ആശയങ്ങളെ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന രീതിയിലാണ് എക്സ്പോ 2023 ദോഹ ഒരുക്കുന്നത്. ആറ് മാസം നീണ്ട് നിൽക്കുന്ന എക്സ്പോ 2023 ദോഹയിൽ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് ദശലക്ഷത്തിലധികം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Cover Image: Qatar Rail.