ദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടി ആരംഭിച്ചു

GCC News

ദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടിയുടെ ആറാമത് സീസൺ ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

2026 ജൂലൈ 7-നാണ് ദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടിയുടെ പുതിയ പതിപ്പ് ആരംഭിച്ചത്. ഇത്തവണത്തെ ദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടികൾ 2026 ഓഗസ്റ്റ് 31 വരെ നീണ്ട് നിൽക്കും.

ദുബായ് മീഡിയ ഓഫീസിന് കീഴിലുള്ള ബ്രാൻഡ് ദുബായ് സംഘടിപ്പിക്കുന്ന ദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടികൾ സന്ദർശകർക്കും, നിവാസികൾക്കും വേനൽമാസങ്ങളിൽ ദുബായിൽ ആസ്വദിക്കാവുന്ന ഇടങ്ങൾ, പരിപാടികൾ, അനുഭവങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നു. ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസവുമായി സഹകരിച്ചാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

ദുബായിലെ പ്രധാനപ്പെട്ട ടൂറിസം അനുഭവങ്ങൾ, വിനോദകേന്ദ്രങ്ങൾ എന്നിവയെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്നതും ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഇതിന്റെ ഭാഗമായി ദുബായ് നഗരത്തിലുടനീളം നിരവധി പ്രത്യേക പ്രമോഷനുകളും, പരിപാടികളും നടത്തുന്നതാണ്.