ഈദുൽ അദ്ഹ: സുരക്ഷാ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് പോലീസ്

featured UAE

എമിറേറ്റിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി അറിയിച്ചു. 2023 ജൂൺ 22-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതിനായി വിവിധ സർക്കാർ വകുപ്പുകളെയും, പോലീസ് കേന്ദ്രങ്ങളെയും സമന്വയിപ്പിച്ച് കൊണ്ടുള്ള ഒരു സമഗ്ര സുരക്ഷാ പദ്ധതിയ്ക്ക് ദുബായ് ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി രൂപം നൽകിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ദുബായിലെ എല്ലാ പാതകളിലും, ഹൈവേകളിലും പ്രത്യേക പോലീസ് പട്രോളിംഗ് ഉണ്ടായിരിക്കുന്നതാണ്. പള്ളികളിലും പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതാണ്.

ഈദുൽ അദ്ഹ സുരക്ഷയുടെ ഭാഗമായി 3500 പോലീസുകാർ, 465 സെക്യൂരിറ്റി പെട്രോൾ യൂണിറ്റുകൾ, 66 ട്രാഫിക് സർജന്റുമാർ എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഇതിന് പുറമെ ദുബായിലെ ബീച്ചുകളിൽ 165 ലൈഫ് ഗാർഡുകളെയും, കടൽത്തീരങ്ങളിൽ 14 മാരിടൈം സെക്യൂരിറ്റി ബോട്ടുകൾ, 10 മറൈൻ റെസ്ക്യൂ ബോട്ടുകൾ, 17 ലാൻഡ് റെസ്ക്യൂ പട്രോളുകൾ, 2 ഹെലികോപ്റ്ററുകൾ എന്നിവരെയും വിന്യസിക്കുന്നതാണ്.

29 ബൈസൈക്കിൾ പട്രോൾസ്, 123 ആംബുലൻസുകൾ, 738 പാരാമെഡിക്സ്, 75 സിവിൽ ഡിഫൻസ് വാഹനങ്ങൾ, 24 ചെറിയ ക്രെയിനുകൾ എന്നിവയും, സ്വകാര്യ സുരക്ഷാ കമ്പനികളിൽ നിന്നുള്ള 798 സുരക്ഷാ ജീവനക്കാരെയും ദുബായിൽ ഈദുൽ അദ്ഹ വേളയിൽ സുരക്ഷയ്ക്കായി വിന്യസിക്കുന്നതാണ്. അവധിദിനങ്ങളിൽ റോഡിൽ വാഹനങ്ങൾ ട്രാഫിക് നിയമങ്ങൾ പാലിച്ച് കൊണ്ടും, സുരക്ഷിതമായ വേഗതയിലും മാത്രം ഡ്രൈവ് ചെയ്യാൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കടൽത്തീരങ്ങൾ, സ്വിമ്മിങ്ങ് പൂളുകൾ എന്നിവ സന്ദർശിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും, കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Cover Image: Dubai Media Office.