യു എ ഇ: പ്രതികൂല കാലാവസ്ഥയിൽ വാഹനങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കാൻ ദുബായ് പോലീസ് ആഹ്വാനം ചെയ്തു

featured UAE

പ്രതികൂലമായ കാലാവസ്ഥയിൽ വാഹനങ്ങൾ അതിയായ ജാഗ്രതയോടെ ഉപയോഗിക്കാൻ ദുബായ് പോലീസ് ജനറൽ കമാൻഡ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. മഴ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് 2022 ജനുവരി 3-ന് ദുബായ് പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

കാലാവസ്ഥ അസ്ഥിരമാകുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കാനും, റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കാനും, വാഹനങ്ങൾ സുരക്ഷിതമായ വേഗത്തിൽ ഉപയോഗിക്കാനും പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് വാഹനങ്ങൾ റോഡുകളിലേക്ക് ഇറക്കുന്നതിന് മുൻപായി വാഹനങ്ങളുടെ ടയറുകൾ, ബ്രേക്ക്, ലൈറ്റ്, വൈപ്പർ മുതലായവ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും ദുബായ് ട്രാഫിക് പോലീസ് ആക്ടിങ്ങ് ഡയറക്ടർ കേണൽ ജുമാ ബിൻ സുവൈദാൻ ആവശ്യപ്പെട്ടു.

മഴ അനുഭവപ്പെടുന്ന സമയങ്ങളിൽ റോഡിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ പെട്ടന്ന് നിർത്തുന്നതും, കൃത്യമായ രീതിയിൽ സിഗ്നലുകൾ ഉപയോഗിക്കാതെ ലൈൻ മാറുന്നതും ഉൾപ്പടെയുള്ള ഡ്രൈവിംഗ് ശീലങ്ങൾ ഒഴിവാക്കാനും അദ്ദേഹം ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മറ്റു വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ച് കൊണ്ട് വാഹനങ്ങൾ ഉപയോഗിക്കാനും, സീറ്റ് ബെൽറ്റുകൾ ഉപയോഗിക്കാനും, റോഡിൽ അതീവ ജാഗ്രത പുലർത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

വാഹനങ്ങൾ ഓടിക്കുന്നതിനിടയിൽ ഫോട്ടോ എടുക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കാനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. യൂ-ടേൺ ഉൾപ്പടെ എടുക്കുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ഏറ്റവും കുറഞ്ഞ വേഗതയിൽ ഉപയോഗിക്കാനും, വെള്ളക്കെട്ട് ഉണ്ടാകാനിടയുള്ള താഴ്ന്ന പ്രദേശങ്ങൾ, തുറന്ന റോഡുകൾ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്താനും അദ്ദേഹം നിർദ്ദേശം നൽകി. വാഹനങ്ങൾ റോഡുകളിലേക്ക് ഇറക്കുന്നതിന് മുൻപ് കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനും അദ്ദേഹം ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

WAM