ഗാർഹിക ജീവനക്കാരുടെ സേവനം വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പിനെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

featured UAE

ഗാർഹിക ജീവനക്കാരെ തേടുന്നവരെ ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പുതിയതരം തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങൾക്ക് ദുബായ് പോലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി. ഇത്തരക്കാരെ കബളിപ്പിക്കുന്നതിനായി സൈബർ കുറ്റവാളികൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണെന്നും, ഓൺലൈനിൽ ജാഗ്രത തുടരേണ്ടതുണ്ടെന്നും പോലീസ് ഓർമ്മപ്പെടുത്തി.

മാർച്ച് 1-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ ഗാർഹിക ജീവനക്കാരുടെ സേവനം വാഗ്ദാനം ചെയ്തുകൊണ്ട് പണം തട്ടിയെടുത്ത 14 പരാതികളാണ് അൽ റാഷിദിയ പോലീസ് സ്റ്റേഷനിൽ മാത്രം ലഭിച്ചതെന്ന് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സയീദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക് വ്യക്തമാക്കി.

ഈ സംഭവങ്ങളിലെല്ലാം, ഗാർഹിക ജീവനക്കാരെ തേടുന്നവരെ ഇത്തരം തട്ടിപ്പ് സംഘങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ബന്ധപ്പെടുകയും, വിദേശത്ത് നിന്നുള്ള ഗാർഹിക ജീവനക്കാരുടെ സേവനം വാഗ്ദാനം ചെയ്യുകയുമായിരുന്നെന്ന് അദ്ദേഹം അറിയിച്ചു. തുടർന്ന് വിദേശത്ത് നിന്നുള്ള ഗാർഹിക ജീവനക്കാരെ യു എ ഇയിലേക്ക് എത്തിക്കുന്നതിനായി ഇവർ 9000 മുതൽ 13000 ദിർഹം വരെ റിക്രൂട്ട്മെന്റ് ഫീസ് ഇനത്തിൽ പരാതിക്കാരിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു.

COVID-19 മഹാമാരിയുടെ സാഹചര്യത്തിൽ രാജ്യത്ത് ലേബർ റിക്രൂട്ട്മെന്റിൽ ഏർപ്പെടുത്തിയ താത്കാലിക വിലക്കുകൾ മുതലെടുത്താണ് ഈ തട്ടിപ്പ് സംഘങ്ങൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിലക്കുകൾ മറികടന്ന് വിദേശത്ത് നിന്നുള്ള ഗാർഹിക ജീവനക്കാരെ എത്തിച്ച് തരാമെന്ന വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. മഹാമാരിയുടെ ആരംഭം മുതൽ ഈ വർഷം ഫെബ്രുവരി വരെയുള്ള കാലയളവിൽ ഇത്തരത്തിൽ ഏതാണ്ട് 87520 ദിർഹത്തിന്റെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

ലേബർ റിക്രൂട്ട്മെൻറ് ഏജൻസികളുടെ വ്യാജ രേഖകളും മറ്റും ഇവർ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു. ഏതാനം സംഭവങ്ങളിൽ, തട്ടിപ്പിനിരയാക്കപ്പെടുന്ന കുടുംബങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിനായി വ്യാജ രേഖകളിൽ ഇവർ താത്‌കാലിക ജീവനക്കാരെ നൽകിയിരുന്നതായും, തുടർന്ന് കൂടുതൽ ഗാർഹിക ജീവനക്കാരെ നൽകുന്നതിനായി മുൻ‌കൂർ പണം കൈപ്പറ്റി വഞ്ചിച്ചിരുന്നതായി കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതികളെ തുടർന്നുള്ള അന്വേഷണങ്ങൾക്കൊടുവിൽ ഈ സംഘത്തിലെ അംഗങ്ങളെ പിടികൂടിയതായും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വരുന്ന പരസ്യങ്ങളിലും, വാഗ്ദാനങ്ങളിലും വഞ്ചിതരാകരുതെന്നും, ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു. ഗാർഹിക ജീവനക്കാരെ ലഭിക്കുന്നതിനായി സർക്കാർ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ സേവനങ്ങൾ തേടാനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.