അനധികൃത പണമിടപാടുകളെക്കുറിച്ച് മുന്നറിയിപ്പുമായി ദുബായ് പോലീസ്

featured GCC News

തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ നടക്കുന്ന അപ്രതീക്ഷിതമായതും, അജ്ഞാതമായതുമായ പണമിടപാടുകളെക്കുറിച്ച് ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. 2025 ജൂലൈ 6-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിൽ പണം നിക്ഷേപിച്ചതായും, അതിനാൽ ഈ തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി നിക്ഷേപിക്കുന്നതിന് സഹായിക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ട് ആരെങ്കിലും നിങ്ങളെ ബന്ധപ്പെടുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ ഈ വിവരം ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അജ്ഞാതമായ സ്രോതസ്സുകളിൽ നിന്നുള്ള അപ്രതീക്ഷിത ബാങ്ക് നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഉപഭോക്താക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു. ഇത്തരം പണമിടപാടുകൾ പലപ്പോഴും ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ളതാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടി.

തട്ടിപ്പ്, മോഷണം, ലഹരി ഇടപാടുകൾ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്നുള്ള പണവുമായി ബന്ധപ്പെട്ട് കുറ്റവാളികൾ പലപ്പോഴും ഈ തന്ത്രം പ്രയോഗിച്ച് വരുന്നതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ അജ്ഞാതമായ സ്രോതസ്സുകളിൽ നിന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ നിങ്ങൾ കൂട്ട് നിൽക്കുന്ന സാഹചര്യത്തിൽ നിങ്ങൾ നിയമക്കുരുക്കുകളിൽ അകപ്പെടാനിടയുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. കുറ്റകൃത്യത്തിൽ പങ്കാളിയായി ചേർത്ത് കൊണ്ട് നിങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിലേക്ക് പോലും ഈ പ്രവർത്തി നയിക്കാനിടയുണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

നിരപരാധികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യുന്നതിലൂടെ കള്ളപ്പണം നിയമപ്രകാരമുള്ളതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനാണ് കുറ്റവാളികൾ ഈ മാർഗ്ഗം തിരഞ്ഞെടുക്കുന്നത്. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾ ഈ പണം സ്വയം പിൻവലിക്കുകയോ, മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയോ ചെയ്യാതിരിക്കുകയും, ഈ വിവരം ഉടൻ തന്നെ പോലീസിൽ (901 എന്ന നമ്പറിലൂടെയോ, അല്ലെങ്കിൽ ദുബായ് പോലീസ് ആപ്പ്, വെബ്സൈറ്റ് എന്നിവയിലൂടെയോ) അറിയിക്കേണ്ടതുമാണ്.