ദുബായ്: ഔദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് നവീകരണത്തിനായി 600 മില്യൺ ദിർഹം മൂല്യമുള്ള കരാർ

featured GCC News

ഔദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് നവീകരണത്തിനായി 600 മില്യൺ ദിർഹം മൂല്യമുള്ള കരാർ അനുവദിച്ചതായി ദുബായ് അധികൃതർ വ്യക്തമാക്കി. 2024 ഒക്ടോബർ 13-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.

ഈ പദ്ധതിയുടെ ഭാഗമായി നാല് പ്രധാന ഇന്റർസെക്ഷനുകൾ, ആകെ 4300 മീറ്റർ നീളമുള്ള പാലങ്ങൾ, പതിനാല് കിലോമീറ്റർ നീളത്തിലുള്ള റോഡുകൾ എന്നിവ നിർമ്മിക്കുന്നതാണ്. ദുബായിലെ ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിനും, ട്രാഫിക് സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്.

ഷെയ്ഖ് റാഷിദ് കോറിഡോർ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ 600 മില്യൺ ദിർഹം മൂല്യമുള്ള കരാർ നടപ്പിലാക്കുന്നത്. അൽ അസയേൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ് എന്നിവയെ അൽ നവ്രാസ് സ്ട്രീറ്റിലൂടെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി ഔദ് മേത്ത, അൽ നവ്രാസ് സ്ട്രീറ്റ് എന്നിവയിലേക്ക് എക്‌സിറ്റുകൾ നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സബീൽ, അൽ ജദ്ദാഫ്, ഔദ് മേത്ത, ഉം ഹുറൈർ, ലത്തീഫ ഹോസ്പിറ്റൽ, അൽ വാസിൽ ക്ലബ് മുതലായ മേഖലകളിലേക്ക് ഈ പദ്ധതി സുഗമമായ ഗതാഗതം പ്രധാനം ചെയ്യുന്നതാണ്. 2030-ഓടെ ഈ പദ്ധതി നടപ്പിലാകുന്നതോടെ ഔദ് മേത്ത സ്ട്രീറ്റിലൂടെ മണിക്കൂറിൽ 15600 വാഹനങ്ങൾക്ക് (നിലവിൽ 10400 വാഹനങ്ങൾ) കടന്ന് പോകാനാകുന്നതാണ്.

ഈ റൂട്ടിലെ യാത്രാ സമയം ഇരുപത് മിനിറ്റിൽ നിന്ന് അഞ്ച് മിനിറ്റാക്കി വെട്ടിച്ചുരുക്കുന്നതിനും ഈ പദ്ധതി കാരണമാകുന്നതാണ്.