ദുബായ്: വേനൽക്കാല റോഡ് സുരക്ഷാ പ്രചാരണ പരിപാടിയ്ക്ക് തുടക്കമായി

featured GCC News

‘സമ്മർ വിത്തൗട്ട് ആക്‌സിഡണ്ട്സ്’ എന്ന വാർഷിക പ്രചാരണ പരിപാടിയ്ക്ക് ദുബായിൽ തുടക്കമായി. വേനൽക്കാല റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നത്.

2025 ജൂലൈ 4-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ദുബായ് പോലീസ്, യു എ ഇ ആഭ്യന്തര മന്ത്രാലയം എന്നിവരുമായി ചേർന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയാണ് (RTA) ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി എമിറേറ്റിലുടനീളമുള്ള തെരുവുകളിലും, RTA കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിലെ ഇലക്ട്രോണിക് സ്‌ക്രീനുകളിലും, സ്മാർട്ട് ആപ്പുകളിലും, സാമൂഹിക മാധ്യമങ്ങളിലും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്‌കരണ സന്ദേശങ്ങൾ നൽകുന്നതാണ്.

ഈ വർഷത്തെ ‘സമ്മർ വിത്തൗട്ട് ആക്‌സിഡണ്ട്സ്’ പ്രചാരണ പരിപാടി സെപ്റ്റംബർ അവസാനം വരെ തുടരും. ഇതിന്റെ ഭാഗമായി വാഹനങ്ങൾ സുരക്ഷിതമായ അകലം പാലിച്ച് കൊണ്ട് ഡ്രൈവ് ചെയ്യാനും, വേഗപരിധി സംബന്ധിച്ച നിബന്ധനകൾ കൃത്യമായി പാലിക്കാനും, റോഡ് നിയമങ്ങൾ അനുസരിക്കാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.