എമിറേറ്റിലെ നാല് പാർപ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങൾ വികസിപ്പിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള ഒരു പദ്ധതിയ്ക്ക് RTA തുടക്കം കുറിച്ചിട്ടുണ്ട്.
Aligned with leadership directives to enhance infrastructure in residential areas, support urban expansion, and elevate residents' quality of life, #RTA has launched a project to improve access points for four neighborhoods. The upgraded entry and exit points—located along Sheikh… pic.twitter.com/UAL2JkusiU
— RTA (@rta_dubai) November 17, 2024
നദ്ദ് ഹെസ്സ, അൽ അവീർ 1, അൽ ബർഷ സൗത്ത്, വാദി അൽ സഫ 3 എന്നീ നാല് അയൽപക്കങ്ങളിലേക്കുള്ള എൻട്രി, എക്സിറ്റ് പോയിൻ്റുകൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് RTA ആരംഭിച്ചിരിക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, ഹെസ സ്ട്രീറ്റ് എന്നീ പാതകളിൽ നിന്നാണ് ഈ നവീകരിച്ച എൻട്രി, എക്സിറ്റ് പോയിൻ്റുകൾ നിർമ്മിക്കുന്നത്.
നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ പ്രദേശങ്ങളിലേക്കുള്ള വാഹന സഞ്ചാര ശേഷി 50 മുതൽ 80 ശതമാനം വരെ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി. റോഡ് ശൃംഖലകൾ, ലൈറ്റിംഗ്, മഴവെള്ളം ഒഴുക്കിവിടൽ എന്നിവ ഉൾപ്പെടെയുള്ള റെസിഡൻഷ്യൽ ഏരിയകളിലെ അടിസ്ഥാന സൗകര്യങ്ങൾ തുടർച്ചയായി വർദ്ധിപ്പിക്കുന്നതിനുള്ള RTA-യുടെ പ്രതിബദ്ധതയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നത്.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൽ നിന്നും നദ്ദ് ഹെസ്സ മേഖലയിലേക്ക് മണിക്കൂറിൽ 6000 വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന രണ്ട് പാതകളുള്ള ഒരു അധിക എൻട്രി, എക്സിറ്റ് പാത ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. 300000-ത്തിലധികം ജനസംഖ്യയുള്ള നാഡ് ഹെസ്സ, വാർസൻ 4, ഹെസ്സ ഗാർഡൻസ്, ദുബായ് സിലിക്കൺ ഒയാസിസ് എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരം ഈ പദ്ധതി നിലവിൽ വരുന്നതോടെ കൂടുതൽ സുഗമമാകുന്നതാണ്.
അൽ അവീർ 1-നെ എമിറേറ്റ്സ് റോഡുമായി ബന്ധിപ്പിക്കുന്ന 7.5 കിലോമീറ്റർ നീളമുള്ള ഒരു റോഡ് നിർമ്മിക്കുന്നതും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. 50,000-ലധികം നിവാസികൾ താമസിക്കുന്ന ഈ കമ്മ്യൂണിറ്റിക്ക് ഇത്തരം നേരിട്ടുള്ള ഒരു ആക്സസ് റൂട്ട് സൃഷ്ടിക്കുന്നതിലൂടെ വാഹനങ്ങൾ സഞ്ചരിക്കുനന്തിനുള്ള ശേഷി മണിക്കൂറിൽ 1,500 മുതൽ 3,000 വാഹനങ്ങൾ വരെയായി ഉയരുന്നതാണ്.
അൽ ബർഷ സൗത്തിലെ വികസന പ്രവർത്തനങ്ങൾ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായാണ് നടത്തുന്നത്. ഇത് ഏകദേശം 75,000 നിവാസികൾക്ക് പ്രയോജനകരമാണ്.
ഹെസ്സ സ്ട്രീറ്റിലെയും അൽ ബർഷ സൗത്ത് ഇൻ്റർസെക്ഷനിലെയും ട്രാഫിക് ലൈറ്റിൽ മാറ്റങ്ങൾ വരുത്തി, ഹെസ്സ സ്ട്രീറ്റിൽ നിന്ന് അൽ ബർഷ സൗത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി ഇടത്തേക്ക് തിരിയുന്നതിനായുള്ള മൂന്നാമതൊരു അധിക പാതയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. കൂടാതെ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അൽ ഖൈൽ റോഡിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി 1,114 മീറ്റർ നീളത്തിൽ ഹെസ്സ സ്ട്രീറ്റ് രണ്ട് പാതകൾ ഉപയോഗിച്ച് വികസിപ്പിക്കുന്നതാണ്.
വാദി അൽ സഫ 3-ൽ, ദുബായ്-അൽ ഐൻ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നതിനുള്ള നവീകരണങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്നതാണ്. ഇത് ഈ മേഖലയിലെ യാത്രാ ദൂരം 10 കിലോമീറ്റർ കുറയ്ക്കുകയും യാത്രാ സമയം 10 മിനിറ്റിൽ നിന്ന് രണ്ടായി കുറയ്ക്കുകയും ചെയ്യുന്നു.
WAM