ദുബായ്: ഹൈഡ്രജൻ ബസ് പരീക്ഷിക്കാനൊരുങ്ങുന്നതായി RTA

featured GCC News

എമിറേറ്റിലെ കാലാവസ്ഥയിലും, സാഹചര്യങ്ങളിലും ഹൈഡ്രജൻ ബസ് പരീക്ഷിക്കാനൊരുങ്ങുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ജൂൺ 24-നാണ് RTA ഇക്കാര്യം അറിയിച്ചത്.

എമിറേറ്റിൽ പ്രകൃതിയോടു ഇണങ്ങിയതും, സുസ്ഥിരതയിലൂന്നി പ്രവർത്തിക്കുന്നതുമായ പൊതു ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നത്തിനായി RTA നടത്തുന്ന പ്രയത്നങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.

പരിസ്ഥിതിയോട് ഇണങ്ങിയ ഇത്തരം ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ദുബായിൽ ഉപയോഗിക്കുന്നതിനുള്ള ഒരു കരാറിൽ RTA-യും സ്വൈദാൻ ട്രേഡിങ്ങ് കമ്പനിയും ഒപ്പ് വെച്ചിട്ടുണ്ട്. RTA പബ്ലിക് ട്രാൻസ്‌പോർട് ഏജൻസി സി ഇ ഓ ആഹ്മെദ് ഹാഷിം ബഹ്റോസയൻ, സ്വൈദാൻ ട്രേഡിങ്ങ് കമ്പനി മാനേജിങ് ഡയറക്ടർ സ്വൈദാൻ അൽ നബൂദാഹ് എന്നിവരാണ് ഈ കരാറിൽ ഒപ്പ് വെച്ചത്.

“ദീർഘദൂര യാത്രകൾക്കായി ഇത്തരം ബസുകൾ ഹൈഡ്രജനാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. സാങ്കേതികവിദ്യ, പരിസ്ഥിതി ആഘാതം എന്നിവ കണക്കിലെടുക്കുമ്പോൾ ഇത്തരം ബസുകൾ ഗതാഗത മേഖലയിൽ സുസ്ഥിരമായ ഒരു ഭാവി വാഗ്ദാനം ചെയ്യുന്നു.”, ആഹ്മെദ് ഹാഷിം ബഹ്റോസയൻ വ്യക്തമാക്കി.