ദുബായ്: രണ്ട് റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തുന്നു

featured GCC News

എമിറേറ്റിലെ രണ്ട് റോഡുകളിലെ വേഗപരിധിയിൽ 2024 സെപ്റ്റംബർ 30 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയാണ് (RTA) ഇക്കാര്യം അറിയിച്ചത്.

അമർദി സ്ട്രീറ്റ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് എന്നീ റോഡുകളിലെ വിവിധ ഭാഗങ്ങളിലെ പരമാവധി വേഗപരിധിയിലാണ് 2024 സെപ്റ്റംബർ 30 മുതൽ മാറ്റം വരുത്തുന്നത്. ദുബായ് പോലീസ്, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി എന്നിവർ ചേർന്നാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

ഈ തീരുമാന പ്രകാരം വേഗപരിധിയിൽ താഴെ പറയുന്ന മാറ്റങ്ങളാണ് വരുത്തുന്നത്:

  • ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൽ ദുബായ് അൽ ഐൻ റോഡ്, അക്കാഡമിക് സിറ്റി റൌണ്ട്എബൌട്ട് എന്നിവയ്ക്കിടയിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററാക്കി ഉയർത്തുന്നതാണ്. അക്കാഡമിക് സിറ്റി റൌണ്ട്എബൌട്ട്, അൽ ഖവനീജ് സ്ട്രീറ്റ് എന്നിവയ്ക്കിടയിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 90 കിലോമീറ്ററാക്കി ഉയർത്തുന്നതാണ്.
  • അൽ അമർദി സ്ട്രീറ്റിൽ അൽ ഖവനീജ് സ്ട്രീറ്റ്, എമിറേറ്റ്സ് റോഡ് എന്നിവയ്ക്കിടയിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 90 കിലോമീറ്ററായി നിജപ്പെടുത്തുന്നതാണ്.

പുതുക്കിയ വേഗപരിധി അടയാളപ്പെടുത്തിയിട്ടുള്ള ട്രാഫിക് സൈനുകൾ, റോഡ് അടയാളങ്ങൾ എന്നിവ ഉടൻ തന്നെ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.