2021 NEET മെഡിക്കൽ എൻട്രൻസ് പരീക്ഷകൾക്ക് യു എ ഇയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചതായി ഇന്ത്യൻ എംബസി

featured GCC News

2021-ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) എഴുതാൻ ആഗ്രഹിക്കുന്ന യു എ ഇയിലെ പ്രവാസി ഇന്ത്യൻ വിദ്യാർത്ഥികൾക്കായി യു എ ഇയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചതായി അബുദാബിയിലെ ഇന്ത്യൻ എംബസിയും, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. ഇതോടെ ഇന്ത്യയിലെ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടുന്നതിനായി ആഗ്രഹിക്കുന്ന യു എ ഇയിലെ വിദ്യാർത്ഥികൾക്ക് നിലവിലെ സാഹചര്യത്തിൽ NEET പരീക്ഷയ്ക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാനാകുന്നതാണ്.

https://twitter.com/IndembAbuDhabi/status/1418230033546686464

ജൂലൈ 22-ന് വൈകീട്ടാണ് ഇന്ത്യൻ എംബസിയും, ഇന്ത്യൻ കോൺസുലേറ്റും ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഇത് ആദ്യമായാണ് യു എ ഇയിൽ NEET പരീക്ഷാ കേന്ദ്രം അനുവദിക്കുന്നത്.

https://twitter.com/cgidubai/status/1418233107526860802

2021 NEET മെഡിക്കൽ എൻട്രൻസ് പരീക്ഷകൾക്കുള്ള യു എ ഇയിലെ പരീക്ഷാകേന്ദ്രം ദുബായിലായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

NEET മെഡിക്കൽ എൻട്രൻസ് പരീക്ഷ 2021 സെപ്റ്റംബർ 12-ന് നടത്തുമെന്നാണ് നിലവിൽ അറിയിച്ചിട്ടുള്ളത്. പരീക്ഷ എഴുതുന്നതിനായി യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കാനാകുന്ന ഈ തീരുമാനം വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണ്.