റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്കിടയിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തുമെന്ന് അബുദാബി അധികൃതർ അറിയിച്ചു. 2023 മാർച്ച് 15-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ വർഷത്തെ റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ രാജ്യത്തെ സർക്കാർ മേഖലയിലെ ജീവനക്കാർക്കിടയിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്താൻ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം.
റമദാനിലെ വെള്ളിയാഴ്ചകളിൽ, അബുദാബിയിലെ സർക്കാർ ജീവനക്കാർക്കിടയിൽ 70 ശതമാനം പേർ റിമോട്ട് വർക്കിംഗ് സംവിധാനങ്ങളിലൂടെയും, 30 ശതമാനം പേർ ഓഫീസുകളിൽ നേരിട്ട് ഹാജരാകുന്ന രീതിയിലുമുള്ള തൊഴിൽ സമ്പ്രദായം നടപ്പിലാക്കുന്നതാണ്. യൂണിവേഴ്സിറ്റികളിലെയും, പൊതു വിദ്യാലയങ്ങളിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും റമദാനിലെ വെള്ളിയാഴ്ചകളിൽ റിമോട്ട് അധ്യയന സംവിധാനങ്ങളിലൂടെ (വിദ്യാലയങ്ങളിൽ നേരിട്ടെത്തേണ്ടതായ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ ഉള്ളവർക്കൊഴികെ) പഠനം നിർവഹിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
Cover Image: WAM.