കുവൈറ്റ്: നായ്ക്കളെ വളർത്തുന്നവർക്കുള്ള നിർദ്ദേശങ്ങൾ; നിയമലംഘകർക്ക് തടവും പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പ്

GCC News

രാജ്യത്ത് നായ്ക്കളെ വളർത്തുന്നതും പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവോ, 30 കുവൈറ്റ് ദിനാറിൽ അധികം പിഴയോ – അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ – ശിക്ഷയായി ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പൊതുസുരക്ഷ വർദ്ധിപ്പിക്കുക, മൃഗക്ഷേമം ഉറപ്പാക്കുക, പാർപ്പിട മേഖലകളിലും പൊതുസ്ഥലങ്ങളിലും ശുചിത്വം നിലനിർത്തുക എന്നിവ ലക്ഷ്യമിട്ടാണ് ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് ഈ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് അധികൃതർ താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്:

  • നായ ഉടമകൾ ഔദ്യോഗിക ഉടമസ്ഥാവകാശ ലൈസൻസ് നേടേണ്ടതാണ്.
  • ഉടമകൾ തങ്ങളുടെ നായ്ക്കളുടെ കോളറുകളിൽ തിരിച്ചറിയൽ നമ്പറുകൾ രേഖപ്പെടുത്തിയ ലോഹനിർമ്മിതമായ തിരിച്ചറിയൽ ടാഗുകൾ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
  • നായ്ക്കൾക്ക് വാർഷിക ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെയുള്ള പേവിഷബാധയ്‌ക്കെതിരായ നിർബന്ധിത പ്രതിരോധ കുത്തിവയ്പ്പുകൾ നൽകേണ്ടതാണ്.
  • നായ്ക്കളെ അംഗീകൃത മൃഗചികിത്സാ കേന്ദ്രങ്ങളിൽ നിന്ന് ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കേണ്ടതാണ്.
  • പൊതുനിരത്തുകളിലും നടപ്പാതകളിലും മറ്റ് പൊതുസ്ഥലങ്ങളിലും നായ്ക്കളെ കൊണ്ടുപോകുമ്പോൾ, അവയെ ചങ്ങലയിൽ ബന്ധിച്ച് കൊണ്ടുപോകാനും വായ മൂടുന്നതിനുള്ള സംവിധാനം ധരിപ്പിക്കാനും ഉടമകൾ ബാധ്യസ്ഥരാണ്.
  • പേവിഷബാധ സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ, ഉടമസ്ഥർ ഉടൻ തന്നെ മൃഗചികിത്സാ കേന്ദ്രത്തിൽ ഈ വിവരം നിർബന്ധമായും അറിയിക്കേണ്ടതാണ്.
  • പേവിഷബാധയേറ്റതോ സംശയിക്കപ്പെടുന്നതോ ആയ മൃഗങ്ങളുടെ ജഡങ്ങൾ അശാസ്ത്രീയമായി സംസ്കരിക്കുന്നത് നിരോധിച്ചിട്ടുണ്ട്.