ബഹ്‌റൈൻ: കോൺസുലാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ആപ്പ് പുറത്തിറക്കിയതായി ഇന്ത്യൻ എംബസി

featured GCC News

രാജ്യത്തെ പ്രവാസി ഇന്ത്യക്കാർക്ക് കോൺസുലാർ, വിസാ സേവനങ്ങൾക്കുള്ള സമയം മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് സഹായിക്കുന്ന ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയതായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എംബസിയിൽ നിന്നും, ‘IVS Global ‘ സേവനകേന്ദ്രത്തിൽ നിന്നുമുള്ള അപ്പോയ്ന്റ്മെന്റുകൾ എളുപ്പത്തിൽ ലഭിക്കുന്നതിന് ഈ ആപ്പ് സഹായകമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

2023 ഓഗസ്റ്റ് 25-ന് നിയുക്ത അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിൽ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസിലാണ് ഈ ആപ്പ് അവതരിപ്പിച്ചത്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ഒരുക്കിയ ഈ ഓപ്പൺ ഹൗസിൽ എഴുപത്തഞ്ചിലധികം ഇന്ത്യക്കാർ പങ്കെടുത്തു.

Source: Indian Embassy in Bahrain.

‘EoIBh Connect’ എന്ന ഈ ആപ്പ് ഉപയോഗിച്ച് കൊണ്ട് ബഹ്‌റൈനിലെ പ്രവാസി ഇന്ത്യക്കാർക്ക് എംബസിയിൽ നിന്നും, ‘IVS Global ‘ സേവനകേന്ദ്രത്തിൽ നിന്നും വിവിധ കോൺസുലാർ, വിസ സേവനങ്ങൾക്കുള്ള ഓൺലൈൻ അപ്പോയ്ന്റ്മെന്റുകൾ നേടാമെന്ന് അംബാസഡർ ഈ ഓപ്പൺ ഹൗസിൽ വെച്ച് വ്യക്തമാക്കി. ഈ ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാൻ അദ്ദേഹം ബഹ്‌റൈനിലെ പ്രവാസി ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തു.

Cover Image: Indian Embassy in Bahrain.