ഒമാൻ: വ്യാജ ഫോൺ കാളുകളെ കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

featured GCC News

എംബസിയിൽ നിന്നുള്ളതെന്ന വ്യാജേനെ തട്ടിപ്പ് ലക്ഷ്യമിട്ട് കൊണ്ട് വരുന്ന ഫോൺ കാളുകളെ കുറിച്ച് ഒമാനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. 2023 ജൂൺ 16-നാണ് ഒമാനിലെ ഇന്ത്യൻ സമൂഹത്തിനായി എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥരായി ചമഞ്ഞ് കൊണ്ട് വ്യാജ ഫോൺ കാളുകൾ ചെയ്യുന്നവരെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് എംബസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രവാസികളുടെ വിവിധ രേഖകളിലെ പ്രശ്നങ്ങൾ തീർക്കുന്നതിനായി പണം ആവശ്യപ്പെട്ടു കൊണ്ടാണ് സാധാരണയായി ഇത്തരം തട്ടിപ്പ് ഫോൺ കാളുകൾ വരുന്നതെന്ന് എംബസി കൂട്ടിച്ചേർത്തു.

ഇത്തരം കാളുകൾക്ക് മറുപടിയായി തങ്ങളുടെ സ്വകാര്യ വിവരങ്ങളൊന്നും പങ്ക് വെക്കരുതെന്ന് പ്രവാസികളോട് എംബസി നിർദ്ദേശിച്ചിട്ടുണ്ട്. എംബസിയിൽ ബന്ധപ്പെട്ട് സ്ഥിരീകരിച്ച ശേഷം മാത്രം പണമിടപാടുകൾ നടത്താനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം വ്യാജ ഫോൺ കാളുകൾ സംബന്ധിച്ച വിവരങ്ങൾ inf.muscat@mea.gov.in എന്ന ഇമെയിൽ വിലാസത്തിലൂടെ എംബസിയെ അറിയിക്കാവുന്നതാണ്.