ദുബായ്: ‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് ബിസിനസ് ബേ മേഖലയിലേക്ക് വ്യാപിപ്പിച്ചു

GCC News

‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് ബിസിനസ് ബേ പ്രദേശത്തേക്ക് വ്യാപിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. ഏതാണ്ട് ഒരു മാസത്തോളം നീണ്ട് നിന്ന പരീക്ഷണ ഓട്ടത്തിന് ശേഷമാണ് ഈ സർവീസ് ആരംഭിച്ചിരിക്കുന്നത്.

എമിറേറ്റിലെ പ്രധാന ഇടങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ പൊതുഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടും, പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുമാണ് ഈ നടപടി. ദുബായിലെ നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങളും, വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ബിസിനസ് ബേയിൽ ഇത്തരം ഒരു സേവനത്തിന്റെ വർധിച്ച് വരുന്ന ആവശ്യകത മുൻനിർത്തിയാണ് ‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് ഈ മേഖലയിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.

ഈ ബസ് സേവനം ഉപയോഗിച്ച് കൊണ്ട് മേഖലയിലെ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ബിസിനസ് ബേ മെട്രോ സ്റ്റേഷനിലേക്ക് സുഗമമായി സഞ്ചരിക്കാവുന്നതാണ്. ദുബായ് ബസ് ഓൺ ഡിമാൻഡ് ആപ്പ് ഉപയോഗിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്.

ബിസിനസ് ബേയ്ക്ക് പുറമെ അൽ ബർഷ, അൽ നഹ്ദ, ദുബായ് സിലിക്കൺ ഒയാസിസ്‌ എന്നീ മേഖലകളിലും RTA ഈ സർവീസ് നടത്തുന്നുണ്ട്.