ദുബായ്: ജോബി ഏരിയൽ ടാക്സിയുടെ ജീവനക്കാരോട് കൂടിയ ആദ്യ പറക്കൽ വിജയകരമായി പൂർത്തിയാക്കി

featured GCC News

ജോബി ഏരിയൽ ടാക്സിയുടെ ജീവനക്കാരോട് കൂടിയ ആദ്യ പറക്കൽ വിജയകരമായി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 നവംബർ 16-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

യു എ ഇയിലെ രണ്ട് വിദൂര സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിൽ ഒരു പൂർണ്ണ വൈദ്യുത വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിംഗ് (eVTOL) വിമാനം ഉപയോഗിച്ച് നടത്തുന്ന ഏരിയൽ ടാക്സി ഫ്ലൈറ്റാണ് RTA-യും ജോബി ഏരിയൽ ടാക്സിയും ചേർന്ന് വിജയകരമായി പൂർത്തിയാക്കിയത്. മർഘാം, അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് എന്നിവയ്ക്കിടയിലാണ് ഈ ഫ്ലൈറ്റ് നടത്തിയത്.

മർഘാമിലെ ദുബായ് ജെറ്റ്‌മാൻ ഹെലിപാഡിൽ നിന്ന് പറന്നുയർന്ന ഈ ഇലക്ട്രിക്ക് ഏരിയൽ ടാക്സി വിമാനം 17 മിനിറ്റ് നേരത്തെ പറക്കലിന് ശേഷം അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങുകയായിരുന്നു, ദുബായ് എയർഷോ 2025-ന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പറക്കൽ.

ഇതോടെ യു എ ഇയിലെ രണ്ട് വിദൂര സ്ഥലങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ജീവനക്കാരോട് കൂടിയ ഒരു eVTOL ഫ്ലൈറ്റ് നടത്തുന്ന ലോകത്തെ ആദ്യ കമ്പനി എന്ന നേട്ടം ജോബി ഏവിയേഷൻ സ്വന്തമാക്കി.

ജോബി ഏരിയൽ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കൽ 2025 ജൂലൈയിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ദുബായിലെ ഒരു ഡെസേർട് ടെസ്റ്റ് സൈറ്റിൽ വെച്ചായിരുന്നു ഈ പരീക്ഷണ പറക്കൽ.

2026-ഓടെ എമിറേറ്റിൽ ഏരിയൽ ടാക്സി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള കരാറിൽ ദുബായ് RTA, വ്യോമയാന ടാക്സി സേവന സംവിധാനങ്ങളുടെ നിർമ്മാതാക്കളായ ജോബി ഏവിയേഷൻ എന്നിവർ കഴിഞ്ഞ വർഷം ഒപ്പ് വെച്ചിരുന്നു.

‘Joby Aviation S4’ ഏരിയൽ ടാക്സി വാഹനമാണ് ജോബി ഏവിയേഷൻ ദുബായിൽ ഉപയോഗിക്കുന്നത്. വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (VTOL) ശേഷിയുള്ള ഈ വാഹനം പരിസ്ഥിതി സൗഹൃദവും, വൈദ്യുതിയിൽ പ്രവർത്തിക്കുന്നതുമാണ്.

VTOL ശേഷിയുള്ളതിനാൽ നഗരങ്ങളിൽ സേവനങ്ങൾ നൽകുന്നതിന് ഈ വാഹനം ഏറെ അനുയോജ്യമാണ്. വെർട്ടിപോർട്ടുകളിൽ നിന്ന് പറന്നുയരുന്നതിനും, തിരികെയിറങ്ങുന്നതിനും സാധിക്കുന്നവയാണ് ഈ ഏരിയൽ ടാക്സി വാഹനങ്ങൾ.

നാല് യാത്രികർക്കും, ഒരു പൈലറ്റിനും സഞ്ചരിക്കാനാകുന്ന ഈ വാഹനത്തിന് ആറ് പ്രൊപ്പല്ലറുകളും, നാല് ബാറ്ററി പാക്കുകളുമുണ്ട്. ഈ ഏരിയൽ ടാക്സി വാഹനത്തിന്റെ പരമാവധി റേഞ്ച് 161 കിലോമീറ്ററാണ്. മണിക്കൂറിൽ 321 കിലോമീറ്റർ വരെ പരമാവധി വേഗം കൈവരിക്കാനാകുന്ന ഈ പരിസ്ഥിതി സൗഹൃദ വാഹനം ഒരു ട്രിപ്പിന് വേണ്ടി ചാർജ് ചെയ്യുന്നതിന് 10 മിനിറ്റ് മാത്രമാണെടുക്കുന്നത്.

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപത്തായി സ്കൈസ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്ന ആദ്യത്തെ ഏരിയൽ ടാക്സി വെർട്ടിപോർട്ടിന്റെ നിർമ്മാണം 60% പൂർത്തിയാക്കിയതായും RTA അറിയിച്ചിട്ടുണ്ട്. വെർട്ടിപോർട്ട് അടിസ്ഥാന സൗകര്യങ്ങളുടെ വികസനമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സ്കൈസ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ.