കുവൈറ്റ്: എനർജി ഡ്രിങ്കുകൾ, പുകയില തുടങ്ങിയ ലക്ഷ്യമിട്ടുള്ള എക്സൈസ് നികുതി പദ്ധതിക്ക് അംഗീകാരം നൽകി

GCC News

എനർജി ഡ്രിങ്കുകൾ, പുകയില, പഞ്ചസാര പാനീയങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള എക്സൈസ് നികുതി പദ്ധതിക്ക് കുവൈറ്റ് അംഗീകാരം നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആരോഗ്യത്തിന് ഹാനികരമായ ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപഭോഗം നിയന്ത്രിക്കുന്നതിനും, പ്രതിവർഷം 200 മില്യൺ ദിനാർ നികുതി സമാഹരിക്കാനും ലക്ഷ്യമിട്ടാണ് കുവൈറ്റ് ഈ കരട് നികുതി കരാർ നടപ്പിലാക്കാനൊരുങ്ങുന്നതെന്നാണ് സൂചന.

പുകയിലയ്ക്കും എനർജി ഡ്രിങ്കുകൾക്കും 100 ശതമാനം വരെ നികുതി ചുമത്തുന്ന ഒരു ഗൾഫ് വ്യാപക എക്സൈസ് നികുതി കരാർ അംഗീകരിക്കുന്ന കരട് നിയമത്തിന് കുവൈറ്റ് മന്ത്രിസഭ അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2026 ഒക്ടോബർ 27-ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഗൾഫ് സഹകരണ കൗൺസിലിന്റെ ഏകീകൃത എക്സൈസ് നികുതി കരാറും അതിലെ ഭേദഗതിയും സംബന്ധിച്ച കരടിനും കുവൈറ്റ് ക്യാബിനറ്റ് അംഗീകാരം നൽകിയത്.

തുടർനടപടികൾക്കായി ഈ കരട് അമീർ ഷെയ്ഖ് മെഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കരട് ചട്ടക്കൂട് പ്രകാരം, എനർജി ഡ്രിങ്കുകൾക്കും പുകയില ഉൽപ്പന്നങ്ങൾക്കും 100 ശതമാനം എക്സൈസ് നികുതിയും, കാർബണേറ്റഡ് പാനീയങ്ങൾക്ക് 50 ശതമാനം നികുതിയും ചുമത്തുന്നതാണ്. മധുരം ചേർത്ത പാനീയങ്ങളുടെ കാര്യത്തിൽ, അവയിലടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവിനനുസരിച്ച് വ്യത്യസ്ത നിരക്കുകളിലായിരിക്കും നികുതി ഈടാക്കുന്നത്.