പാം ജുമൈറയിൽ രണ്ട് പുതിയ കാൽനട പാലങ്ങൾ നിർമ്മിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ഒക്ടോബർ 29-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai’s Roads and Transport Authority partners with Dubai Holding Community Management to build two pedestrian bridges on Palm Jumeirah to enhance safety and improve traffic flow. https://t.co/g3B6VaG41S
— Dubai Media Office (@DXBMediaOffice) October 29, 2026
കാൽനടയാത്രികരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, ഗതാഗത ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് RTA ഈ പദ്ധതി നടപ്പിലാക്കുന്നത്. ദുബായ് ഹോൾഡിംഗ് കമ്മ്യൂണിറ്റി മാനേജ്‌മെന്റുമായി സഹകരിച്ചാണ് RTA പാം ജുമൈറയിൽ ഈ രണ്ട് പുതിയ കാൽനട പാലങ്ങൾ നിർമ്മിക്കുന്നത്.
കാൽനടയാത്രക്കാരുടെ സഞ്ചാര സൗകര്യങ്ങളും ലഭ്യതയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരുക്കുന്ന ഈ രണ്ട് പാലങ്ങൾ പാം ജുമൈറയിലെ ഷോർലൈൻ, ഗോൾഡൻ മൈൽ എന്നിവയ്ക്ക് സമീപത്തായാണ് നിർമ്മിക്കുന്നത്. മണിക്കൂറിൽ ആകെ 2,700 കാൽനടയാത്രക്കാർക്ക് കടന്നുപോകാൻ ശേഷിയുള്ള ഈ പാലങ്ങളിൽ, ഷോർലൈൻ പാലം 2027 ജൂണിലും ഗോൾഡൻ മൈൽ പാലം 2027 ഒക്ടോബറിലും പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ രണ്ട് പാലങ്ങളുടെയും നീളം 40 മീറ്ററാണ്.
ഈ പദ്ധതി നടപ്പിലാകുന്നതോടെ, സമീപത്തുള്ള ജംഗ്ഷനുകളിലെ വാഹനങ്ങളുടെ കാത്തിരിപ്പ് സമയം 50 ശതമാനത്തോളം വെട്ടിക്കുറയ്ക്കാമെന്നാണ് RTA പ്രതീക്ഷിക്കുന്നത്.
Cover Image: Dubai Media Office.

