ഒമാൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ജൂൺ 1 മുതൽ ആരംഭിക്കും

GCC News

രാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2026 ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2026 മെയ് 4-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒമാനിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നിലവിൽ വന്നതായുള്ള രീതിയിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും തെറ്റായ പ്രചാരണങ്ങൾ നടന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇത് സംബന്ധിച്ച വ്യക്തത നൽകിയത്. ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2026 ജൂൺ 1 മുതലാണ് പ്രാബല്യത്തിൽ വരുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വേനൽ ചൂട് രൂക്ഷമാകുന്ന മാസങ്ങളിൽ നടപ്പിലാക്കുന്ന ഈ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2026 ജൂൺ 1 മുതൽ ഓഗസ്റ്റ് മാസം അവസാനം വരെ നീണ്ട് നിൽക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്ന കാലയളവിൽ ഒമാനിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ദിനവും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 3.30 വരെ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്.

വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.