സാമൂഹിക മാധ്യമങ്ങളിലൂടെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മുൻകൂർ അനുമതി നേടണമെന്ന് ഒമാൻ അധികൃതർ അറിയിച്ചു. 2026 ജൂലൈ 28-നാണ് ഒമാൻ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تنبيه | بشأن الإعلان أو الترويج عن المنتجات الغذائية
— مـركز سلامـة وجـودة الغـذاء (@FSQC_OM) July 28, 2026
يهيب مركز سلامة وجودة الغذاء بالمؤثرين وصناع المحتوى ونشطاء وسائل التواصل الاجتماعي، إلى جانب الشركات والمؤسسات والوكالات الإعلانية ومتداولي الغذاء، بضرورة الحصول على موافقة مسبقة من المركز قبل الإعلان أو الترويج عن أي منتج… pic.twitter.com/71YGENnbKe
ഈ അറിയിപ്പ് പ്രകാരം, ഒമാനിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ മറ്റ് മാധ്യമങ്ങളിലൂടെയോ ഏതെങ്കിലും ഭക്ഷ്യ ഉൽപ്പന്നം പരസ്യപ്പെടുത്തുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ മുമ്പ് ഉള്ളടക്ക സ്രഷ്ടാക്കൾ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ, കമ്പനികൾ, ഭക്ഷ്യ വ്യാപാരികൾ തുടങ്ങിയവർ മുൻകൂർ അനുമതി വാങ്ങണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഭക്ഷ്യ വസ്തുക്കളുടെ രജിസ്ട്രേഷൻ, അവയുടെ പരസ്യം ചെയ്യൽ എന്നിവ സംബന്ധിച്ച ഭക്ഷ്യ സുരക്ഷാ നിയമത്തിലെയും മന്ത്രിതല പ്രമേയത്തിലെയും (നമ്പർ 69/2024) വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഈ ആവശ്യകതയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യ ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്നവർ, കമ്പനികൾ, സ്ഥാപനങ്ങൾ, പരസ്യ ഏജൻസികൾ, സാമൂഹിക മാധ്യമങ്ങളിലും മറ്റും സ്വാധീനം ചെലുത്തുന്നവർ, ഉള്ളടക്ക സ്രഷ്ടാക്കൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് കക്ഷികൾ തുടങ്ങിയവർക്കെല്ലാം ഈ നിർദ്ദേശം ബാധകമാണ്.
ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പരസ്യവും പ്രമോഷനും നിയന്ത്രിക്കുന്ന ബാധകമായ നിയമങ്ങളിലും ചട്ടങ്ങളിലും വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭക്ഷ്യ ഉൽപ്പന്നങ്ങൾ പരസ്യപ്പെടുത്തുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ അനുമതി തേടുന്നവർക്ക് food.approval@mafwr.gov.om എന്ന ഇമെയിൽ വിലാസം ഉപയോഗിച്ച് കേന്ദ്രവുമായി ബന്ധപ്പെട്ട് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Cover Image: Pixabay.

