യു എ ഇയുടെ സുവർണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട് കൽബ, അൽ ബത്തയെഹ്, വാദി അൽ ഹേലോ എന്നിവിടങ്ങളിൽ പ്രത്യേക പ്രദർശനങ്ങളും, ആഘോഷ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റി അറിയിച്ചു. 2021 നവംബർ 26, 28, 29 തീയതികളിലാണ് മേല്പറഞ്ഞ ഇടങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നത്.
നവംബർ 22-നാണ് ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. യു എ ഇയുടെ സുവർണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട് എമിറേറ്റിൽ പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന സാംസ്കാരിക പരിപാടികളും, ആഘോഷപരിപാടികളും സംഘടിപ്പിക്കുമെന്ന് കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ അറിയിപ്പിന് പുറമെയാണ് നവംബർ 22-ന് കമ്മിറ്റി കൂടുതൽ വിവരങ്ങൾ പങ്ക് വെച്ചത്.
നവംബർ 26-ന് കൽബയിൽ പ്രത്യേക വെടിക്കെട്ട് ഒരുക്കുമെന്ന് ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റി വ്യക്തമാക്കി. ഇതോടൊപ്പം യു എ ഇയുടെ ദേശീയ ഗാനം ആലപിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു. കൽബയിലെ ആഘോഷ പരിപാടികൾ നവംബർ 26-ന് വൈകീട്ട് നാല് മണിക്ക് പ്രത്യേക സംഗീത നൃത്ത നാടകത്തോടെ ആരംഭിക്കുന്നതാണ്.
കൽബ കോർണിഷ് പാർക്കിൽ ക്ലാസിക് കാറുകളുടെയും, ബൈക്കുകളുടെയും ഒരു പ്രത്യേക പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. എമിറാത്തി ഗായകൻ ഫൈസൽ അൽ ജാസിം അവതരിപ്പിക്കുന്ന ഒരു സംഗീതപരിപാടിക്കൊപ്പം കൽബയിൽ നിരവധി നാടോടി കലാരൂപങ്ങളും, എമിറാത്തി നാടോടിഗാനങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്.
നവംബർ 28-ന് അൽ ബത്തയെഹിൽ വെച്ച് നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതാണ്. രാവിലെ 9 മുതൽ 11 വരെ അല്മറ്റഫ് അസോസിയേഷൻ അവതരിപ്പിക്കുന്ന പ്രത്യേക എമിറാത്തി പൈതൃക പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ഒരു പ്രത്യേക സുവർണ്ണ ജൂബിലി പരേഡും ഇവിടെ സംഘടിപ്പിക്കുന്നതാണ്. യു എ ഇയുടെ പൈതൃകം, ചരിത്രം എന്നിവയെക്കുറിച്ച് ഒരുക്കിയിട്ടുള്ള പ്രദർശനങ്ങൾ ഉൾക്കൊള്ളുന്ന ഏതാനം പവലിയനുകളും ഇവിടെ ഒരുക്കുന്നതാണ്.
നവംബർ 29-ന് വൈകീട്ട് നാല് മണിമുതൽ അഞ്ച് മണിവരെ ദിബ്ബ അൽ ഹർബിയ ബാൻഡ് ഒരുക്കുന്ന പ്രത്യേക പ്രദർശനത്തോടെ വാദി അൽ ഹേലോയിലെ നാഷണൽ ഡേ ആഘോഷപരിപാടികൾക്ക് തുടക്കമാകുന്നതാണ്. സന്ദർശകർക്ക് പ്രാപ്പിടിയന്‍ പക്ഷികളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും, വേട്ടയ്ക്കായി പ്രാപ്പിടിയന്‍ പക്ഷികളെ ഉപയോഗിക്കുന്നത് നേരിട്ട് കണ്ട് മനസിലാക്കുന്നതിനും സഹായിക്കുന്ന ഒരു പ്രത്യേക പ്രദർശനവും ഇവിടെ ഒരുക്കുന്നതാണ്. യു എ ഇയുടെ ദേശീയ പാരമ്പര്യത്തിൽ പ്രാപ്പിടിയന്‍ പക്ഷികൾക്കുള്ള പ്രത്യേക സ്ഥാനം എടുത്ത് കാട്ടുന്ന രീതിയിലാണ് ഈ പ്രദർശനം ഒരുക്കുന്നത്.
ഖോർഫക്കാൻ ആംഫി തീയറ്റർ, ഷാർജ നാഷണൽ പാർക്ക്, അൽ മജാസ് ആംഫി തീയറ്റർ, ദിബ്ബ അൽ ഹിസനിലെ അൽ ഹിസ്ൻ ഐലൻഡ്, അൽ മദാം മുനിസിപ്പാലിറ്റി, അൽ ഹംരിയ ഹെറിറ്റേജ് വില്ലേജ്, അൽ ദൈദ് ഹെറിറ്റേജ് വില്ലേജ് തുടങ്ങിയ ഇടങ്ങളിലെ പ്രത്യേക ആഘോഷ പരിപാടികൾ സംബന്ധിച്ച് ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റി നേരത്തെ അറിയിപ്പ് നൽകിയിരുന്നു.
Source: Sharjah Media Office.