യു എ ഇ സഹിഷ്ണുതാ-സഹവർത്തിത്വ മന്ത്രി H.E. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ 2026 വേദി സന്ദർശിച്ചു. 2026 നവംബർ 19-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
نهيان بن مبارك يزور مهرجان العين للكتاب 2026، ويشيد بما تشهده منطقة العين من تطوُّر وازدهار في مختلف المجالات الثقافية والمعرفية والمجتمعية، مع حفاظها على هُويتها الأصيلة وموروثها الحضاري. https://t.co/DTSXPkKEr4
— مكتب أبوظبي الإعلامي (@ADMediaOffice) November 19, 2026
യു എ ഇയിലെ ഓരോ വ്യക്തിയുടെയും ഹൃദയത്തിൽ അൽ ഐൻ മേഖലയ്ക്ക് സവിശേഷമായ ഒരു സ്ഥാനമുണ്ടെന്ന് പുസ്തകമേള സന്ദർശിച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കി. ചരിത്രവും തനിമയും സമ്പന്നമായ പൈതൃകവുമുള്ള ഒരിടമാണിതെന്നും, രാഷ്ട്രം അഭിമാനത്തോടെ സംരക്ഷിക്കുകയും, വരുംതലമുറകളിലേക്ക് കൈമാറുകയും ചെയ്യുന്ന ഉന്നതമായ എമിറാത്തി മൂല്യങ്ങളുടെ ഒരു കേന്ദ്രമാണ് അൽ ഐൻ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

പതിനേഴാമത് അൽ ഐൻ പുസ്തകമേളയുടെ വേദിയിൽ പങ്കെടുക്കുന്ന വിവിധ പവിലിയനുകൾ, പ്രസാധക സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവ അദ്ദേഹം സന്ദർശിച്ചു. ബൗദ്ധികം, സാഹിത്യം, ശാസ്ത്രം, പൈതൃകം എന്നീ മേഖലകളിലെ ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ അദ്ദേഹം പരിശോധിച്ചു.

അറബി ഭാഷയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും വായനയും അറിവും പ്രോത്സാഹിപ്പിക്കുന്നതിനുമായി മേളയിൽ ഒരുക്കിയിട്ടുള്ള പരിപാടികളും സംരംഭങ്ങളും അദ്ദേഹം വിലയിരുത്തി.
2026 നവംബർ 17-നാണ് പതിനേഴാമത് അൽ ഐൻ പുസ്തകമേള ആരംഭിച്ചത്. ഇത്തവണത്തെ അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ നവംബർ 23 വരെ നീണ്ട് നിൽക്കും.
അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പിന് കീഴിലുള്ള അബുദാബി അറബിക് ലാംഗ്വേജ് സെന്റർ (ALC) നടത്തുന്ന ഈ പുസ്തകമേള അൽ ഐൻ സ്‌ക്വയറിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. ‘കഥകളുടെ ഒരു മരുപ്പച്ച’ എന്ന പ്രമേയത്തിൽ ഒരുങ്ങുന്ന ഇത്തവണത്തെ അൽ ഐൻ പുസ്തകമേളയിൽ, 230-ൽ പരം പ്രദർശകരും പ്രസാധകരും പങ്കെടുക്കുന്നുണ്ട്.
ഇത്തവണത്തെ അൽ ഐൻ ബുക്ക് ഫെസ്റ്റിവലിൽ 1,10,000-ത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സാംസ്‌കാരിക, സാഹിത്യ, കലാ, വിനോദ മേഖലകളിലായി 200-ലധികം പരിപാടികൾക്കും പതിനേഴാമത് അൽ ഐൻ പുസ്തകമേള വേദിയാകുന്നതാണ്.
Cover Image: Abu Dhabi Media Office.

