ഒമാൻ: ജൂലൈ 17 മുതൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

GCC News

2022 ജൂലൈ 17 മുതൽ രാജ്യത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി. 2022 ജൂലൈ 15-ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇത് സംബന്ധിച്ച ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിൽ ഈ സാഹചര്യം ഇന്ത്യയിലെ ഗുജറാത്ത് തീരത്താണ് രൂപപ്പെടുന്നതെന്നും, അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇത് ഒമാൻ കടലിന്റെ മേഖലയിലേക്ക് നീങ്ങുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഇതിന്റെ പ്രഭാവം ജൂലൈ 17 മുതൽ ഒമാനിൽ ദൃശ്യമാകുമെന്നും, ഇത് ഏതാനം ദിവസം വരെ തുടരാമെന്നും അറിയിപ്പിൽ പറയുന്നു. ഇതിന്റെ ഭാഗമായി ജൂലൈ 17-ന് നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും, മസ്കറ്റ് ഗവർണറേറ്റിന്റെ തെക്കൻ മേഖലകളിലും 20 മുതൽ 60 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതാണ്. ഇതോടൊപ്പം മണിക്കൂറിൽ 30 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഈ മേഖലകളിൽ നീർച്ചാലുകളിലും, താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.

ഇടിയോട് കൂടിയ കനത്ത മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ അന്തരീക്ഷത്തിലെ കാഴ്ച്ച മറയാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഒമാൻ കടലിന്റെയും, അറബി കടലിന്റെയും തീരപ്രദേശങ്ങളിൽ നാല് മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. താഴ്ന്ന തീരദേശമേഖലകളിൽ കടൽ കയറുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

2022 ജൂലൈ 18, തിങ്കളാഴ്ച്ചയോടെ ന്യൂനമർദ്ദത്തിന്റെ പ്രഭാവം മസ്കറ്റ്, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ വുസ്ത, അൽ ദാഖിലിയ, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ബുറൈമി, മുസന്ദം മുതലായ ഗവർണറേറ്റുകളിൽ അനുഭവപ്പെടുന്നതാണ്. ഇതിന്റെ ഭാഗമായി ഈ മേഖലകളിൽ 30 മുതൽ 80 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതാണ്. ഈ മേഖലകളിൽ നീർച്ചാലുകളിലും, താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.

ഈ മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഒമാൻ കടലിന്റെയും, അറബി കടലിന്റെയും തീരപ്രദേശങ്ങളിൽ നാല് മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്.

മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.