ഒമാൻ: വിസിറ്റ്, ടൂറിസ്റ്റ് വിസകളിൽ നിന്ന് വർക് വിസകളിലേക്ക് മാറുന്നത് നിർത്തലാക്കിയതായി ROP

featured GCC News

വിസിറ്റ്, ടൂറിസ്റ്റ് വിസകളിൽ ഒമാനിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് നേരിട്ട് വർക് വിസയിലേക്ക് മാറുന്നതിനുള്ള അനുമതി താത്കാലികമായി നിർത്തലാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2023 ഒക്ടോബർ 31-നാണ് ROP ഇക്കാര്യം അറിയിച്ചത്.

ടൂറിസ്റ്റ്, വിസിറ്റ് വിസകളിൽ നൽകി വന്നിരുന്ന വിസ കൺവേർഷൻ സേവനം താത്‌കാലികമായി നിർത്തലാക്കിയതായാണ് ഈ അറിയിപ്പിൽ വ്യക്തമാക്കുന്നത്. നേരത്തെ ഇത്തരം വിസകളിൽ ഒമാനിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് തൊഴിൽ വിസകളിലേക്ക് മാറുന്നതിന് അനുമതി നൽകിയിരുന്നു.

എന്നാൽ ഈ പുതിയ തീരുമാനം അനുസരിച്ച് ഇത്തരം വിസകളിലുള്ളവർ ഒമാനിൽ നിന്ന് എക്സിറ്റ് ചെയ്ത ശേഷം വർക് വിസകളിൽ തിരികെ പ്രവേശിക്കേണ്ടി വരുന്നതാണ്. ഈ തീരുമാനം എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും, എല്ലാ തരം ടൂറിസ്റ്റ്, വിസിറ്റ് വിസകൾക്കും ബാധകമാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ, 2023 ഒക്ടോബർ 31 മുതൽ ബംഗ്ലാദേശി പൗരന്മാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ (എല്ലാ വിസകൾക്കും ബാധകം) ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവെച്ചതായും പോലീസ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.