ഖത്തർ: കോവാക്സിൻ COVID-19 വാക്സിന് ഔദ്യോഗിക അംഗീകാരം നൽകി

featured GCC News

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ നിബന്ധനകളോടെ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനുകളുടെ പട്ടികയിലേക്ക് കോവാക്സിനെ ഉൾപ്പെടുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 2-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

കോവാക്സിനു അംഗീകാരം നൽകാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിബന്ധനകളോടെ അംഗീകാരം നൽകിയിട്ടുള്ള വാക്സിനുകളുടെ പട്ടികയിലാണ് ഖത്തർ കോവാക്സിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫൈസർ, മോഡർന, ആസ്ട്രസെനേക എന്നിവയുടെ 2 ഡോസ്, ജോൺസൺ ആൻഡ് ജോൺസൺ വാക്സിന്റെ ഒരു ഡോസ് എന്നിവയ്ക്കാണ് ഖത്തർ പൂർണ്ണ അംഗീകാരം നൽകിയിരിക്കുന്നത്. സിനോഫാം, സിനോവാക്, സ്പുട്നിക് V, കോവാക്സിൻ എന്നിവയുടെ രണ്ട് ഡോസ് എടുത്തവർക്ക് നിബന്ധനകളോടെയാണ് ഖത്തർ അംഗീകാരം നൽകിയിട്ടുള്ളത്.

കോവാക്സിൻ, സിനോഫാം, സിനോവാക്, സ്പുട്നിക് V എന്നിവയുമായി ബന്ധപ്പെട്ട് ഖത്തർ അറിയിച്ചിട്ടുള്ള നിബന്ധനകൾ:

  • ഈ വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് (രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയിരിക്കണം) ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് സെറോളജി ആന്റിബോഡി പരിശോധനയിൽ പോസിറ്റീവ് റിസൾട്ട് നിർബന്ധമാണ്.
  • യാത്ര പുറപ്പെടുന്ന രാജ്യങ്ങളിൽ ഈ ടെസ്റ്റ് ചെയ്യുന്നതിന് സാധിക്കാത്ത ഇത്തരം യാത്രികർക്ക് ഖത്തറിലെത്തിയ ശേഷം 7 ദിവസം ക്വാറന്റീൻ നിർബന്ധമാണ്.

ഖത്തർ നിബന്ധനകളോടെ അംഗീകരിച്ചിട്ടുള്ള കോവാക്സിൻ, സിനോഫാം, സിനോവാക്, സ്പുട്നിക് V എന്നീ വാക്സിനുകളുടെ രണ്ട് ഡോസ് എടുത്തവർ അതിന് ശേഷം ഒരു ഡോസ് ഫൈസർ, അല്ലെങ്കിൽ ഒരു ഡോസ് മോഡർന വാക്സിൻ കുത്തിവെപ്പ് (14 ദിവസം പൂർത്തിയാക്കിയിരിക്കണം) സ്വീകരിക്കുന്ന അവസരത്തിൽ അത്തരം വ്യക്തികളെ പൂർണ്ണമായും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരായി കരുതുന്നതാണെന്ന് https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന വിലാസത്തിലെ യാത്രാ നിബന്ധനകളിൽ വ്യക്തമാക്കുന്നു.