ലോകകപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട് സെൻട്രൽ ദോഹയിൽ ഏർപ്പെടുത്തിയിട്ടുള്ള റോഡ് നിയന്ത്രണങ്ങൾ ആരംഭിച്ച പശ്ചാത്തലത്തിൽ എ-റിങ്ങ്, ബി-റിങ്ങ് റോഡുകളിൽ പ്രവേശിക്കാൻ അനുമതിയുള്ള വാഹനങ്ങൾ സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
എ-റിങ്ങ്, ബി-റിങ്ങ് റോഡുകളിലും, ഇവയിലേക്ക് നയിക്കുന്ന റോഡുകളിലും, ഇന്റർസെക്ഷനുകളിലും പ്രവേശിക്കാൻ അനുമതി നൽകിയിട്ടുള്ളതും, അനുമതി നിഷേധിച്ചിട്ടുള്ളതുമായ വാഹനങ്ങളുടെ വിവരങ്ങൾ ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങൾക്ക് 2 കിലോമീറ്റർ ചുറ്റളവിൽ ഈ നിയന്ത്രണങ്ങൾ ബാധകമാണ്.
എ-റിങ്ങ്, ബി-റിങ്ങ് റോഡുകളിൽ പ്രവേശിക്കാൻ അനുമതിയുള്ള വാഹനങ്ങൾ:
- സ്വകാര്യ ട്രാൻസ്പോർട്ട് ആവശ്യങ്ങൾക്കായുള്ള വെള്ള നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ.
- സ്കൂൾ ബസുകൾ.
- 15 സീറ്റിൽ താഴെയുള്ള ബസുകൾ.
- ഉത്പന്നങ്ങൾ കൊണ്ട് പോകുന്നതിനുള്ള ശീതീകരിച്ച ചരക്ക് വാഹനങ്ങൾ.
- സ്വകാര്യ രജിസ്ട്രേഷനിലുള്ള, കറുത്ത നമ്പർ പ്ലേറ്റുകളുള്ള ലൈറ്റ് വാഹനങ്ങൾ.
- അടിയന്തിര സേവനങ്ങൾ നൽകുന്നതിനുള്ള വാഹനങ്ങൾ.
എ-റിങ്ങ്, ബി-റിങ്ങ് റോഡുകളിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ചിട്ടുള്ള വാഹനങ്ങൾ:
- നിയമാനുസൃതമല്ലാത്ത വാഹനങ്ങൾ.
- ട്രക്കുകൾ.
- പിക്ക്-അപ്പുകൾ (ശീതീകരിച്ച ചരക്ക് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്)
- 15 സീറ്റിൽ കൂടുതലുള്ള ബസുകൾ.
- സ്ഥാപനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കറുത്ത നമ്പർ പ്ലേറ്റുകളുള്ള ലൈറ്റ് വാഹനങ്ങൾ.
- ഖത്തർ നമ്പർ പ്ലേറ്റുകളില്ലാത്ത വാഹനങ്ങൾ.
2022 നവംബർ 1 മുതൽ വാഹനങ്ങൾക്ക് ദോഹ കോർണിഷിലേക്ക് പ്രവേശിക്കുന്നതിന് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ലോകകപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന പ്രത്യേക ഷട്ടിൽ ബസ് ലൂപ്പ് സർവീസുകളുടെ വിവരങ്ങൾ സംബന്ധിച്ച് ഖത്തർ അധികൃതർ നേരത്തെ അറിയിപ്പ് നൽകിയിരുന്നു.