10 വയസിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരുത്തുന്നത് ട്രാഫിക് നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2025 നവംബർ 4-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Allowing children under the age of ten to sit in the front seats of a moving vehicle is a traffic violation that puts their safety at risk.#MOIQatar #TrafficQatar pic.twitter.com/2AZsPvjhPz
— Ministry of Interior – Qatar (@MOI_QatarEn) November 4, 2025
ഓടുന്ന വാഹനത്തിന്റെ മുൻസീറ്റിൽ പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ ഇരിക്കാൻ അനുവദിക്കുന്നത് അവരുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മുതിർന്നവരുടെ ചുമതലയാണെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.
ഖത്തർ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 55, നിബന്ധന 3 പ്രകാരം ഇത്തരം പ്രവർത്തി നിയമ ലംഘനമായി കണക്കാക്കുന്നതാണ്. ഒരു റോഡപകടമുണ്ടാകുന്ന സാഹചര്യത്തിൽ വാഹനത്തിന്റെ മുൻസീറ്റിലിരിക്കുന്ന കുട്ടികൾക്ക് മുതിർന്നവരേക്കാൾ ഗുരുതരമായ പരിക്കുകളേൽക്കുന്നതിനുള്ള സാധ്യത എട്ട് മടങ്ങ് അധികമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
മുതിർന്നവരുടെ സുരക്ഷ മുൻനിർത്തി രൂപം നൽകിയിട്ടുള്ള എയർബാഗുകൾ തീരെ ചെറിയ കുട്ടികൾക്ക് മാരകമായ അപകടങ്ങൾക്കിടയാക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതിനാൽ ചെറിയ കുട്ടികളെ അവർക്ക് അനുയോജ്യമായ സുരക്ഷാ സീറ്റ് ഉപയോഗിച്ച് കൊണ്ട് വാഹനത്തിന്റെ പിറകിലെ സീറ്റിൽ ഇരിപ്പിടം നൽകുന്ന രീതിയിൽ ഇരുത്തേണ്ടതാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം സുരക്ഷാ സീറ്റുകൾ വാഹനത്തിൽ കൃത്യമായി ഉറപ്പിച്ചിട്ടുണ്ടെന്നും, അവയിലെ സീറ്റ്ബെൽറ്റുകൾ കുട്ടികളെ കൃത്യമായി ധരിപ്പിച്ചിട്ടുണ്ടെന്നും മുതിർന്നവർ ഉറപ്പ് വരുത്തേണ്ടതാണ്. കുട്ടികളെ വാഹനത്തിൽ തനിച്ചിരുത്തുന്ന സാഹചര്യങ്ങൾ കർശനമായി ഒഴിവാക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

